വിഴിഞ്ഞം: ആഴക്കടലിൽവെച്ച് ബോട്ടിന്റെ എൻജിൻ കേടായി ബ്രിട്ടീഷ് അധീനതയിലുള്ള സലോമൻ ദ്വീപിൽ അകപ്പെട്ട 14 മത്സ്യത്തൊഴിലാളികളെ വിദേശ കപ്പൽ രക്ഷപ്പെടുത്തി വിഴിഞ്ഞം കോസ്റ്റുഗാർഡിനു കൈമാറി. ഇവരെ തിങ്കളാഴ്ച 11.30-ഓടെ വിഴിഞ്ഞം തീരത്ത് എത്തിച്ചു. തമിഴ്നാട്ടുകാരായ അഞ്ചുപേരും മലയാളികളായ ഒൻപതുപേരും രക്ഷപ്പെട്ടവരിൽ ഉൾപ്പെടുന്നു. പെരുമാതുറ സ്വദേശികളായ സെബാസ്റ്റ്യൻ(56), മരിയനാട് പുതുവൽ പുരയിടത്തിൽ ബിജുജോസഫ്(46), ലീൻജോസഫ്(52), വിഴിഞ്ഞം സ്വദേശികളായ ജൂസ(41), അഗസ്ത്യൻ(50), മുല്ലൂരിലെ എഡിസൺ(44), പുതിയതുറ വലിയതോപ്പ് തെക്കേക്കര സ്വദേശികളായ ഇഗ്നേഷ്യസ്(43), മാർട്ടിൻ (44), പുല്ലുവിള കിണറ്റടി വിളാകം സ്വദേശി ജോർജ് (43), തമിഴ്നാട് ധർമപുരി മല്ലിക്കാടിൽ ചിന്നയ്യൻ(36), കന്യാകുമാരി പുതുക്കുറിച്ചി ആന്റണി(48), കന്യാകുമാരി കൊടുൽപ്പാട് കേസസ് കോളനി സ്വദേശി ബിജു(36), കന്യാകുമാരി തുത്തൂർ പുത്തൻതറ കുരിശടി വിളാകത്ത് ആന്റണി ദാസൻ(45), തൂത്തൂർ ഇരവി പുത്തൻ തറയിൽ ടൈറ്റസ് (43) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
രക്ഷിച്ചത് ഗ്രംപിയൻ എൻഡുറൻസ് കപ്പൽ
തമിഴ്നാട്ടിലെ തേങ്ങാപ്പട്ടണത്തിൽനിന്നു കഴിഞ്ഞ നവംബർ 26-നായിരുന്നു കന്യാകുമാരി സ്വദേശി വർഗീസിന്റെ ക്രിഷമോൾ എന്ന ബോട്ടിൽ ഇവർ ആഴക്കടൽ മീൻപിടിത്തതിനു പോയത്. ഡിസംബർ 15-ന് യാത്രയ്ക്കിടയിൽ ബോട്ടിന്റെ എൻജിൻ കേടായി. നങ്കൂരമിട്ട് കിടന്നുവെങ്കിലും ശക്തിയായ കാറ്റിലും മഴയിലും നങ്കൂരംപൊട്ടി ബോട്ട് ഒഴുകിപ്പോവുകയായിരുന്നു. നങ്കൂരം പൊട്ടിയതോടെ കാറ്റിലും ഒഴുക്കിലുംപെട്ട് ബോട്ട് ദിശതെറ്റി ഒഴുകിയെ ത്തിയത് സലോമൻ ദ്വീപുകൾക്ക് അടുത്തായിരുന്നു. തുടർന്ന് ബോട്ടിലുണ്ടായിരുന്ന ഫൈബർ വള്ളത്തിൽ എൻജിൻ ഘടിപ്പിച്ച് ഇവർ കരയിലെത്തി. ഗ്രംപിയൻ എൻഡുറൻസ് കടന്നുപോകുന്ന സമയത്ത് മത്സ്യത്തൊഴിലാളികൾ ബഹളം വെച്ചും ചുവന്ന തുണി ഉയർത്തിക്കാണിച്ചും ശ്രദ്ധനേടി. കപ്പലിലുള്ളവർ കരയിലെത്തി ഇവർക്ക് ഭക്ഷണവും വെള്ളവും വയർലെസ് സെറ്റും നൽകി. തുടർന്ന് മുംബൈയിലുള്ള മാരിടൈം റെസ്ക്യൂ കോ-ഓർഡിനേഷൻ സെന്ററിന് വിവരം കൈമാറി. ഇവിടെനിന്ന് വിഴിഞ്ഞം സ്റ്റേഷൻ കമാൻഡറിനും വിവരം നൽകി.



