കാക്കനാട്: ലോകകപ്പിൽ നിന്ന് ഇഷ്ട ടീം പുറത്തായതിന് പിന്നാലെ തലച്ചോറിൽ രക്തം കട്ടപിടിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന യുവ ഫുട്ബോൾ താരത്തിന്റെ ജീവൻ തിരികെ പിടിക്കാൻ ഒരു നാട് കൈകോർക്കുന്നു. കാക്കനാട് പാറയ്ക്കാമുകൾ കളപ്പുരയ്ക്കൽ കെ.പി. അക്ഷയ് (അച്ചു-23) ആണ് ചികിത്സയിൽ കഴിയുന്നത്. ബ്രസീൽ ആരാധകനായ യുവാവ്, ബ്രസീൽ-ക്രൊയേഷ്യ ക്വാർട്ടർ ഫൈനൽ മത്സരം സുഹൃത്തുക്കൾക്കൊപ്പം പാറയ്ക്കാമുകളിലെ ബിഗ് സ്ക്രീനിൽ കാണുമ്പോളായിരുന്നു സംഭവം.
ലോകകപ്പിൽ ബ്രസീൽ പുറത്താകുന്ന ഘട്ടത്തിൽ കടുത്ത നിരാശയിൽ അക്ഷയ്, കളി കാണുന്ന സ്ഥലത്ത് തന്നെ കിടന്നു. ക്ഷീണം മാറാൻ കിടന്നു എന്നാണ് സുഹൃത്തുകൾ വിചാരിച്ചത്. പക്ഷേ, രാവിലെയായിട്ടും വിളിച്ചിട്ട് എഴുന്നേൽക്കാതെ വന്നപ്പോളാണ് ആശുപത്രിയിൽ എത്തിച്ചത്.
പരിശോധനയിൽ അമിത രക്തസമ്മർദം മൂലം തലച്ചോറിൽ രക്തം കട്ടപിടിച്ചെന്നും ഗുരുതരാവസ്ഥയാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ജീവൻ രക്ഷിക്കാൻ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാരുടെ ഉപദേശം. 18 ലക്ഷത്തോളം രൂപ ചെലവ് വരുന്നതാണ് ചികിത്സ. കൂലിവേല ചെയ്തു കഴിയുന്ന പിതാവ് കെ.ടി. പുരുഷോത്തമനും അമ്മ ജയയും വിദ്യാർഥിയായ സഹോദരനും അടങ്ങുന്ന കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമാണ് ഈ ചികിത്സ.



