തിരുവനന്തപുരം: കരാര്‍ നിയമനത്തിനായി പാര്‍ട്ടി ലിസ്റ്റ് ചോദിച്ച് മേയര്‍ ആര്യ രാജേന്ദ്രനയച്ച കത്ത് വിവാദമായതിന് പിന്നാലെ അടുത്ത കത്തും പുറത്ത്. പാര്‍ലമെന്ററി പാര്‍ട്ടി നേതാവിന്റെ സമാനമായ കത്താണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കൗണ്‍സിലര്‍ ഡി ആര്‍ അനില്‍, ആനാവൂര്‍ നാഗപ്പന് അയച്ച കത്താണ് പുറത്തായത്.എസ് എ ടി ആശുപത്രിയോട് ചേര്‍ന്ന വിശ്രമകേന്ദ്രത്തിലെ നിയമനത്തിനായി പാര്‍ട്ടി പട്ടിക തേടിയായിരുന്നു കത്തയച്ചിരുന്നത്. മാനേജര്‍ അടക്കം 9 തസ്തികകളിലേക്കാണ് പാര്‍ട്ടി പട്ടിക ആവശ്യപ്പെട്ടത്.ഒക്ടോബര്‍ 14 അയച്ച കത്താണ് പുറത്ത് വന്നത്.3 തസ്തികകളിലേക്ക് 9 പേരെ ആവശ്യമുണ്ടെന്നാണ് കൗണ്‍സിലറയച്ച കത്തില്‍ പറയുന്നത്.

അതേസമയം കത്ത് വിവാദത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കോര്‍പ്പറേഷനിലേക്ക് മാര്‍ച്ച് നടത്തി.  മേയറുടെ ചേമ്പറിലേക്ക് അതിക്രമിച്ച കടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയും പ്രതിഷേധക്കാരെ  പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. കരാര്‍ നിയമന വിഷയത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരും പ്രതിഷേധ മാര്‍ച്ച് നടത്തി.