ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മന്ത്രി സത്യേന്ദര്‍ ജെയിന് തിഹാര്‍ ജയിലില്‍ വിഐപി പരിഗണന നല്‍കുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചു. സത്യേന്ദര്‍ ജെയിന് ജയിലില്‍ മസാജ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ട്. കേസിലെ കൂട്ടുപ്രതികളെ പതിവായി കാണാറുണ്ട്. ഭാര്യ പൂനം ജെയിന്‍ പലപ്പോഴും അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ടെന്നും ഇഡി ഡല്‍ഹി കോടതിയെ അറിയിച്ചു. ആരോപണം തെളിയിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സമര്‍പ്പിച്ചിട്ടുണ്ട്.
ആം ആദ്മി പാര്‍ട്ടി നേതാവായ ജെയിന്‍ തിഹാര്‍ ജയിലിനുള്ളില്‍ ആഡംബര ജീവിതം നയിക്കുകയാണെന്ന് ആരോപിച്ച് ഇഡി ഡല്‍ഹി കോടതിയില്‍ സത്യവാങ്മൂലം നല്‍കി. അദ്ദേഹം ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്നും എല്ലാ ദിവസവും ജയില്‍ സൂപ്രണ്ടിനെ കാണാറുണ്ടെന്നും ഇഡി ആരോപിച്ചു. ദൃശ്യങ്ങളില്‍ ഇക്കാര്യം വ്യക്തമാണെന്നും ഇത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കേന്ദ്ര ഏജന്‍സി കോടതിയെ അറിയിച്ചു.
ജയില്‍ മന്ത്രി കൂടിയായ സത്യേന്ദര്‍ ജെയിന്‍ തന്റെ സ്ഥാനം അന്യായമായി മുതലെടുക്കുകയാണ്. അദ്ദേഹത്തിന് വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ നല്‍കുന്നതിലൂടെ കോടതി ഉത്തരവിന്റെ വ്യക്തമായ ലംഘനമാണ് നടക്കുന്നതെന്നും ഇഡി വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ അനുസരിച്ച് കേസിലെ കൂട്ടുപ്രതികളായ അങ്കുഷ് ജെയിന്‍, വൈഭവ് ജെയിന്‍ എന്നിവരെ സത്യേന്ദര്‍ ജെയിന്‍ പലപ്പോഴും കാണാറുണ്ടെന്നും ഇഡി ആരോപിച്ചു.



