ന്യൂഡൽഹി: രാഹുല്‍ ഗാന്ധിയുമായി കൈകോര്‍ത്തു പിടിച്ചുള്ള ചിത്രം മോശം കമന്റോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ബി.ജെ.പി വനിതാ നേതാവിന് ചുട്ട മറുപടിയുമായി നടി പൂനം കൗർ. തെലങ്കാനയിൽ ഭാരത് ജോഡോ യാത്രക്കിടയിലുള്ള ചിത്രമമാണ് രാഹുലിനെതിരെ ബി.ജെ.പി പ്രചരിപ്പിച്ചത്. ‘രാഹുൽ ഗാന്ധി തന്റെ മുത്തച്ഛന്റെ പാത പിന്തുടരുകയാണ്’ എന്ന പരിഹാസത്തോടെയായിരുന്നു ട്വീറ്റ്. ഇതിനെതിരെയാണ് നടി രംഗത്തെത്തിയത്.

ബി.ജെ.പി നേതാവ് പ്രീതി ഗാന്ധിയായിരുന്നു പൂനം കൗറിന്റേയും രാഹുൽ ഗാന്ധിയുടേയും ചിത്രങ്ങൾ പങ്കുവെച്ചത്. ബി.ജെ.പി നേതാവിന്റെ ട്വീറ്റ് തീർത്തും അപകീർത്തിപ്പെടുത്തുന്നതാണെന്ന് പൂനം കൗർ പ്രതികരിച്ചു. താൻ നടക്കുന്നതിനിടയിൽ വീഴാൻ പോയപ്പോഴാണ് രാഹുൽ ഗാന്ധി തന്റെ കൈപിടിച്ചതെന്നും നടി മറുപടി നൽകി. പ്രധാനമന്ത്രി നാരീശക്തിയെ കുറിച്ച് പറഞ്ഞത് ബി.ജെ.പി നേതാവ് ഓർക്കുന്നത് നന്നായിരിക്കുമെന്നും പൂനം ട്വിറ്ററിൽൽ കുറിച്ചു.

മുതിർന്ന നേതാവ് ജയറാം രമേശും പ്രീതി ഗാന്ധിക്കെതിരെ വിമർശനവുമായി രംഗത്ത് എത്തി. പ്രീതിയുടേത് വികൃതമായ മനസാണെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ശരിയാണ് രാഹുൽ ഗാന്ധി അദ്ദേഹത്തിന്റെ മുത്തച്ഛന്റെ പാത പിന്തുടരുകയാണെന്നും രാജ്യത്തെ ഒന്നിപ്പിക്കുകയാണെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ഷിൻഡെ കുറിച്ചു. നിങ്ങൾക്ക് അടിയന്തരമായി ചികിത്സ വേണ്ടതുണ്ടെന്നും സുപ്രിയ ട്വീറ്റ് ചെയ്തു. നിങ്ങളുടെ മാനസികാവസ്ഥ കുടുംബത്തിനും സുഹൃത്തുക്കൾക്കുമെല്ലാം ഹാനികരമാണെന്നായിരുന്നു പവൻ ഖേരയുടെ പ്രതികരണം.