ഷ്ടകണക്കുകള്‍ മാത്രം പറഞ്ഞിരുന്ന കേരള ആര്‍.ടി.സി പതിയെ കരകയറുന്നു. തിരുവനന്തപുരം നഗരത്തില്‍ നടത്തിയ പരീക്ഷണ ഓട്ടമാണ് കെഎസ്ആര്‍ടിസിയെ തുണച്ചിരിക്കുന്നത്. വളരെ അധികം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്ന സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ലാഭത്തിലായത് കെ.എസ്.ആര്‍.ടി.സിയ്ക്കും അഭിമാനമായി.

തലസ്ഥാന നഗരിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, തന്ത്രപ്രധാന കേന്ദ്രങ്ങള്‍ എന്നിവയെ ബന്ധിപ്പിച്ച് 2021 നവംബര്‍ 29 നാണ് 64 സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ആരംഭിച്ചത്. ജന്റം ഡീസല്‍ ബസുകള്‍ ഉപയോഗിച്ചായിരുന്നു ആദ്യ സര്‍വീസുകള്‍. പത്തു രൂപ കൊടുത്താല്‍ സിറ്റിയില്‍ എവിടെ നിന്ന് കയറി എവിടെ വേണമെങ്കിലും ഇറങ്ങാവുന്ന രീതിയിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരുന്നത്.

പദ്ധതി തുടങ്ങിയപ്പോള്‍ ആയിരത്തോളം യാത്രക്കാര്‍ മാത്രമാണു പ്രതിദിനം കെഎസ്ആര്‍ടിസിയ്ക്ക് ലഭിച്ചത്. വന്‍ നഷ്ടത്തില്‍ ഓടിയിരുന്ന സര്‍വീസുകള്‍ പിന്‍വലിക്കണമെന്ന് വലിയ സമ്മര്‍ദം കോര്‍പറേഷന് മേല്‍ ഉണ്ടായി. എന്നാല്‍, ദീര്‍ഘകാലഅടിസ്ഥാനത്തില്‍ സര്‍വീസകള്‍ ലാഭത്തിലാകുമെന്നാണ് കെഎസ്ആര്‍ടിസി പറഞ്ഞിരുന്നത്. ആ കണക്കുകൂട്ടലുകള്‍ ഒന്നും തെറ്റിയില്ലെന്ന് സൂചിപ്പിക്കുന്നതാണ് ലാഭക്കണക്കുകള്‍.

സിറ്റി സര്‍ക്കുലര്‍ സര്‍വീസില്‍ ദിവസേന 34,000ത്തിലധികം യാത്രക്കാരാണ് ഇപ്പോള്‍ യാത്രചെയ്യുന്നത്. ഈ സാമ്പത്തിക വര്‍ഷം യാത്രക്കാരുടെ എണ്ണം ദിവസേന 50,000 ആക്കാനാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യം. 2022 ഓഗസ്റ്റ് ഒന്നു മുതലാണ് സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം നഗരത്തില്‍ 25 പുതിയ ഇലക്ട്രിക് ബസുകള്‍ സിറ്റി സര്‍ക്കുലര്‍ സര്‍വീസിന്റെ ഭാഗമായി നിരത്തിലിറക്കിയത്.

ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ കണക്കുകള്‍ നോക്കുമ്പോള്‍ ഇലക്ട്രിക് ബസുകളില്‍ വൈദ്യുതി, ജീവനക്കാരുടെ ശമ്പളം എന്നിവ ഉള്‍പ്പെടെ ഒരു കിലോമീറ്ററിന് 23 രൂപ മാത്രമാണ് ചെലവ്. ശരാശരി വരുമാനം കിലോമീറ്ററിന് 35 രൂപയാണ് ബസ് ഓടിയെടുക്കുന്നത്. ഓഗസ്റ്റില്‍ 28 ലക്ഷം രൂപയും, സെപ്റ്റംബറില്‍ 32 ലക്ഷം രൂപയും ഡീസല്‍ ചെലവ് ഇനത്തില്‍ ലാഭിക്കാനായി. നിലവില്‍ ഡീസല്‍ ബസുകളുടെ ചെലവ് കിലോമീറ്ററിന് 74 രൂപ ആണ്. വരുമാനം 35 രൂപ മാത്രവും. ഇലട്രിക്കിലേക്ക് മാറിയതാണ് കെ.എസ്ആര്‍ടിസിയെ രക്ഷിച്ചെടുക്കുന്നത്.

കൂടാതെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ജീവനക്കാരെ ഉപയോഗിച്ച് സര്‍വ്വീസ് നടത്തുന്നതിനാല്‍ ജീവനക്കാരുടെ ശമ്പള ഇനത്തില്‍ ഒരു മാസം ശരാശരി 12 ലക്ഷം രൂപയും ലാഭിക്കാനാകുന്നു. പുതിയ ഇലക്ട്രിക് ബസുകള്‍ക്ക് രണ്ടു വര്‍ഷത്തെ വാറന്റി ഉള്ളതിനാല്‍ ഡീസല്‍ ബസുകളെപ്പോലെ ഓയില്‍ മാറ്റുകയോ, മറ്റ് ചെലവുകളോ ഇല്ലാത്തതുകൊണ്ടും മെയിന്റനന്‍സ് ഇനത്തില്‍ ഒരു മാസം 25 ബസുകള്‍ക്ക് ശരാശരി 1.8 ലക്ഷം രൂപയുടെ ലാഭവും കെഎസ്ആര്‍സിയ്ക്ക് ലഭിക്കുന്നുണ്ട്.