ഹൊബാർട്ട്: ട്വന്റി-20 ലോകകപ്പിലെ ഇംഗ്ലീഷ് അയൽപ്പോരിൽ അയർലന്‍ഡിന് വിജയം. ഗ്രൂപ്പ് ബി മത്സരത്തിൽ സ്കോട്ട്ലന്‍ഡിനെ ആറ് വിക്കറ്റിനാണ് അയർലന്‍ഡ് പരാജയപ്പെടുത്തിയത്.
20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ സ്കോട്ടലന്‍ഡ് ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കിനിൽക്കെ അയർലന്‍ഡ് മറികടന്നു. ഐറിഷ് ടീം 19 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടി രണ്ട് പോയിന്റും ഗ്രൂപ്പിലെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സ്കോട്ട്ലൻഡിനായി ഓപ്പണർ മൈക്കിൾ ജോൺസ് നാല് സിക്സും ആറ് ഫോറും ഉൾപ്പെട്ട ഇന്നിംഗ്സിലൂടെ 86 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുത്തു. നായകൻ റിച്ചി ബെറിംഗ്ട്ടൻ 37 റൺസും മാത്യു ക്രോസ് 28 റൺസും നേടി. അയർലന്‍ഡിനായി കർട്ടിസ് കാംഫർ രണ്ടും മാർക് അദേർ, ജോഷ് ലിറ്റിൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഐറിഷ് പടയ്ക്ക് മികച്ച തുടക്കം ലഭിച്ചില്ലെങ്കിലും ആറാം വിക്കറ്റിലെ കർട്ടിസ് കാംഫർ(72)-ജോർജ് ഡോക്രെൽ(39) സഖ്യം ടീമിനെ വിജയത്തിലെത്തിച്ചു. സ്കോട്ട്ലന്‍ഡിനായി മാർക്ക് വാട്ട്, ബ്രാഡ് വീൽ, സഫ്യാൻ ഷറീഫ്, മൈക്കിൾ ലീസ്ക് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.



