പ്ലസ് ടുവിനു ശേഷം പ്രൊഫഷണൽ കോഴ്സ് പഠിച്ച് പെട്ടെന്ന് ഒരു ജോലി സ്വന്തമാക്കണം. ഈ മോഹം, ആദ്യം എൻട്രൻസ് കോച്ചിങ്ങിനുള്ള ഫീസിന്റെ വലിപ്പത്തിലും പിന്നെ ബാങ്കിന്റെ വിദ്യാഭ്യാസ വായ്പാ നിരാസത്തിലൂടെയും പൊലിഞ്ഞ ഒരു പെൺകുട്ടി. വർഷങ്ങൾക്കിപ്പുറം അവൾ ഇഷ്ടമുള്ള വിഷയം പഠിച്ചു പഠിച്ച് അന്താരാഷ്ട്രതലത്തിലെ തന്നെ എണ്ണപ്പെട്ട റിസർച്ച് ഫെലോഷിപ്പ് നേടിയെടുത്തു. പേര് ഡോ. എം. ജസ്ന. മലപ്പുറം നിലമ്പൂർ എരഞ്ഞിമങ്ങാട് സ്വദേശി.
പ്രശസ്ത ശാസ്ത്രജ്ഞ മേരി ക്യൂറിയുടെ പേരിൽ യൂറോപ്യൻ കമ്മിഷൻ ഏർപ്പെടുത്തിയിരിക്കുന്ന മേരി സ്ക്ലോഡോവ്സ്ക ക്യൂറി ആക്ഷൻസ്- എം.സി.സി.എ. റിസർച്ച് ഫെലോഷിപ്പാണ്ജസ്നയ്ക്ക് ലഭിച്ചത്. 1, 58 കോടി രൂപയാണ് ഫെലോഷിപ്പായി ലഭിക്കുക. ഹരിതോർജ മേഖലയിൽ നിർണായകമായേക്കാവുന്ന ഗവേഷണമാണ് ജസ്ന, ഫിൻലൻഡിലെ ഒളു സർവകലാശാലയിൽ നടത്തുന്നത്.
When life gives you lemons, make lemonadeഎന്നൊരു പറച്ചിലുണ്ട്. ജീവിതം പ്രതിബന്ധങ്ങളെ മുന്നോട്ടുവെച്ചാൽ, അതിനെ അതിമനോഹരമായി അതിജീവിക്കുക എന്നാണിതിന്റെ സത്ത. അത്തരത്തിലൊരു അതിജീവനം തന്നെയാണ് ജസ്നയും നടത്തിയത്. മുഹമ്മദ് കുട്ടിയുടെയും ആയിഷയുടെയും നാലു പെൺമക്കളിൽ മൂന്നാമത്തെയാളാണ് ജസ്ന. കൂലിപ്പണിയായിരുന്നു മുഹമ്മദ് കുട്ടിക്ക്. ആയിഷയ്ക്ക്, പഞ്ഞിക്കിടക്കകൾ തുന്നിവിൽക്കുന്ന ജോലിയും. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന കുടുംബം. അതുകൊണ്ടു തന്നെ പഠിച്ച് എത്രയും പെട്ടെന്നൊരു ജോലി എന്നതായിരുന്നു ജസ്നയുടെ സ്വപ്നം.
ഹൈസ്കൂൾ പഠനം എരഞ്ഞിമങ്ങാട് ജി.എച്ച്.എസ്.എസിലായിരുന്നു. പിന്നെ പ്ലസ് ടു എൻ.എച്ച്.എസ്.എസ്. എരുമമുണ്ടയിൽ. പ്ലസ് ടു പഠനശേഷം എത്രയും വേഗം ഒരു ജോലി നേടാനുള്ള ശ്രമത്തിലായിരുന്നു ജസ്ന. മറ്റ് ബിരുദ കോഴ്സുകളൊന്നും അപ്പോൾ മനസ്സിലുണ്ടായിരുന്നില്ല. നഴ്സിങ് അല്ലെങ്കിൽ ബി ഫാം പോലെയുമുള്ള പാരമെഡിക്കൽ കോഴ്സുകളുമായിരുന്നു പരിഗണനയിൽ. പരിശീലനത്തിന് പോയി എൻട്രൻസ് പരീക്ഷ എഴുതാം എന്നായിരുന്നു ജസ്നയുടെ കണക്കുകൂട്ടൽ. പക്ഷേ എൻട്രൻസ് പരിശീലനത്തിന് വലിയതുക ഫീസ് ആയി നൽകാൻ മാർഗമുണ്ടായിരുന്നില്ല. അതോടെ ആ മോഹം പൂട്ടിക്കെട്ടി. മറ്റേതെങ്കിലും പ്രൊഫഷണൽ കോഴ്സിന് പോകാൻ വിദ്യാഭ്യാസ വായ്പയ്ക്കു വേണ്ടി ബാങ്കിനെ സമീപിച്ചെങ്കിലും അവർ ആവശ്യപ്പെടുന്ന ഈട് നൽകാനുള്ള സാഹചര്യം ജസ്നയ്ക്കോ കുടുംബത്തിനോ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ബി.എസ് സി ഫിസിക്സ് എന്ന വഴിയിലേക്ക് എത്തുന്നത്.
ഫിസിക്സിന്റെ ലോകത്തിലേക്ക്
പ്രൊഫഷണൽ/ പാരാമെഡിക്കൽ കോഴ്സ് പഠനം എന്ന സ്വപ്നം പൊലിഞ്ഞതോടെ ജസ്ന ബിരുദത്തിന് ചേർന്നു. പ്ലസ് ടു കാലത്തേ ഇഷ്ടമുള്ള വിഷയങ്ങളായിരുന്നു ഫിസിസ്ക്സും മാത്തമാറ്റിക്സും. അങ്ങനെ മമ്പാട് എം.ഇ.എസ്. കോളേജിൽ ബിഎസ് സി ഫിസിക്സിന് ചേർന്നു. പഠനത്തോടും വിഷയത്തോടും ഇഷ്ടം കൂടിയതോടെ ബിരുദത്തിനു ശേഷം ബിരുദാനന്തര ബിരുദത്തിന് എറണാകുളത്തെ സെയ്ന്റ് ആൽബർട്ട്സ് കോളേജിൽ ചേർന്നു. പി.ജി. ഒന്നാം സെമസ്റ്റർ വരെ സഹോദരി ജംഷീദ നൽകിയ സാമ്പത്തിക പിന്തുണയിലായിരുന്നു ജസ്നയുടെ പഠനം. പിന്നീട് രണ്ടാം സെമസ്റ്റർ മുതൽ ഇങ്ങോട്ട് കുട്ടികൾക്ക് ട്യൂഷൻ എടുത്തായിരുന്നു ജസ്ന പഠനത്തിന് പണം കണ്ടെത്തിയത്. പി.ജിക്കു ശേഷം എക്സ്പിരിമെന്റൽ ഫിസിക്സിൽ എം. ഫില്ലും ചെയ്തു. ശേഷം പി.എച്ച്.ഡിയിലേക്കും കടന്നു. മെറ്റീരിയൽ സയൻസിൽ, നാനോടെക്നോളജി ആയിരുന്നു പി.എച്ച്.ഡിയ്ക്കായി തിരഞ്ഞെടുത്തത്. ഇതിൽത്തന്നെ കാർബൺ നാനോ ട്യൂബ് പോളിമർ കോംപോസൈറ്റ്സിന്റെ ഡിഫറന്റ് ആപ്ലിക്കേഷൻസ് ആയിരുന്നു ഗവേഷണവിഷയം. എം ഫില്ലിനും പിഎച്ച്ഡിയ്ക്കും നിലവിലെ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറും കുസാറ്റിലെ മുൻ അധ്യാപകനുമായിരുന്ന ഡോ. എം.കെ. ജയരാജ് ആയിരുന്നു ഗൈഡ്. ഗവേഷണ കാലയളവിൽ അദ്ദേഹം നൽകിയ പ്രോത്സാഹനവും പിന്തുണയും വിലമതിക്കാനാവാത്തതാണെന്നും ജസ്ന കൂട്ടിച്ചേർക്കുന്നു. സുഹൃത്തുക്കളും സഹായവും പ്രോത്സാഹനവുമായി കൂടെനിന്നു.
മേരി സ്ക്ലോഡോവ്സ്ക ക്യൂറി ആക്ഷൻസ് ഫെലോഷിപ്പിലേക്ക്
2021-ലാണ് ജസ്ന മേരി സ്ക്ലോഡോവ്സ്ക ക്യൂറി ആക്ഷൻസ് അഥവാ എം.എസ്.സി.എയ്ക്കു വേണ്ടി അപേക്ഷിക്കുന്നത്. കാർബൺ നാനോ ട്യൂബ് പോളിമർ കോംപോസൈറ്റ്സിന്റെ വ്യത്യസ്ത ആപ്ലിക്കേഷനുകളിൽ ഒന്നായ സൂപ്പർ കപ്പാസിറ്റർ ആപ്ലിക്കേഷനാണ് ജസ്ന ഇതിനായി തിരഞ്ഞെടുത്തത്. നിലവിൽ സൂപ്പർ കപ്പാസിറ്ററുകൾക്കുള്ള ഒരു പോരായ്മയെ പരിഹരിച്ച് അതിനെ ഇ വെഹിക്കിൾ ഹരിതോർജ മേഖലയിൽ പ്രയോജനപ്പെടുത്തുക എന്നതാണ് ഫെലോഷിപ്പിനു വേണ്ടി ജസ്ന സമർപ്പിച്ച വിഷയം. ഈ ഫെലോഷിപ്പിനു വേണ്ടി അപേക്ഷിക്കണമെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിൽനിന്ന് ഒരു സൂപ്പർവൈസർ വേണം എന്നൊരു നിബന്ധനയുണ്ട്. അത്തരമൊരു അന്വേഷണമാണ് ഒളു സർവകലാശാലയിലെ പ്രൊഫസറായ ക്രിസ്റ്റ്യൻ കോർദാസിലേക്ക് എത്തുന്നത്.
സാധാരണ എനർജി സ്റ്റോറിങ് ഡിവൈസുകളായ സൂപ്പർ കപ്പാസിറ്ററുകൾക്ക് ഒരു പോരായ്മയുണ്ട്. അവ ബാറ്ററികളെയും മറ്റും അപേക്ഷിച്ച് ചാർജ് അതിവേഗം ഡിസ്ചാർജ് ചെയ്യും. ഈ പോരായ്മ പരിഹരിക്കുകയാണെങ്കിൽ അവയെ ഇലക്ട്രിക് വാഹനങ്ങളിലും മറ്റും പ്രയോജനപ്പെടുത്താനാകും. ചാർജ് അതിവേഗം ഡിസ്ചാർജ് ചെയ്യാത്ത സൂപ്പർ കപ്പാസിറ്ററുകൾ തയ്യാറാക്കാനുള്ള ഗവേഷണത്തിനാണ് ജസ്നയ്ക്ക് 1.58 കോടിരൂപയുടെ ഫെലോഷിപ്പ് ലഭിച്ചിരിക്കുന്നത്. ഗ്രീൻ എനർജി എന്ന സങ്കേതത്തിന് മുതൽക്കൂട്ടാകുന്നതാണ് ജസ്നയുടെ കണ്ടെത്തൽ. രണ്ടുവർഷം കൊണ്ടാണ് ഗവേഷണം പൂർത്തിയാക്കേണ്ടത്.
ഉമ്മയുടെ മകൾ
മകൾ വിജയിക്കണം മിടുക്കിയാകാണം എന്ന ഉമ്മയുടെ പ്രാർഥനയും ആഗ്രഹവുമാണ് തനിക്ക് ഊർജം നൽകുന്നതെന്ന് ജസ്ന പറയുന്നു. ഒരുപാട് കഷ്ടപ്പാടുകൾക്കിടയിലും ജസ്നയ്ക്ക് ഉമ്മ നൽകിയ പിന്തുണ അത്രമേൽ വലുതായിരുന്നു. ഇന്ന് മലപ്പുറത്തുനിന്ന് ഏറെ അകലെ ഫിൻലൻഡിൽ മികച്ച സർവകലാശാലകളിലൊന്നിൽ റിസർച്ച് ഫെലോയായി നിൽക്കുമ്പോൾ, അതിനു തുണയായത് ഉമ്മ ആയിഷയാണെന്നും ജസ്ന കൂട്ടിച്ചേർക്കുന്നു. ജമീല, ജംഷിദ, ജബീന എന്നിവരാണ് ജസ്നയുടെ സഹോദരിമാർ. തിരുവനന്തപുരം സ്വദേശിയും കുസാറ്റിലെ ഗവേഷകനുമായ മിഥുനാണ് ജസ്നയുടെ ഭർത്താവ്.



