ചാലക്കുടി: ചാലക്കുടി ക്രെസന്റ് പബ്ലിക് സ്കൂൾ മൈതാനിയിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും നിറയെ വാഹനങ്ങളായിരുന്നു. 60 കണ്ടെയ്നറുകളാണ് നിരന്നുകിടന്നിരുന്നത്. സ്കൂൾ കെട്ടിടത്തിനടുത്തായിരുന്നു രാഹുൽ തങ്ങിയിരുന്ന വാഹനം. വിവിധ വാഹനങ്ങളിലായി ജാഥയിലെ സ്ഥിരാംഗങ്ങളുൾപ്പടെയുള്ളവർ. രാഹുൽ അടക്കം എല്ലാവരും വിശ്രമത്തിലായിരുന്നു.

രാഹുൽഗാന്ധി രാവിലെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോതുമായി സംഭാഷണം നടത്തി. 9.30 ഓടെ ഗഹ്ലോത് നെടുമ്പാശ്ശേരിയിലേക്ക് യാത്രയായി. ക്രെസന്റ് സ്കൂളിനോടു ചേർന്നുള്ള ക്രെസന്റ് കൺവെൻഷൻ സെന്ററിന്റെ ഡൈനിങ് ഹാളിലായിരുന്നു രാഹുൽ ഉൾപ്പെടെയുള്ളവർക്ക് ഭക്ഷണം.

ഉച്ചയോടെ ഹാളിലിരുന്ന് ഭക്ഷണം കഴിച്ചു. പുലാവും പഴങ്ങളുമായിരുന്നു വിഭവം. വീണ്ടും വാഹനത്തിൽ കയറിയ രാഹുൽ വൈകീട്ട് 3.30 ഓടെ സ്കൂളിൽ മുൻകൂട്ടി ഒരുക്കിയിരുന്ന മുറിയിലേക്ക് വ്യായാമത്തിനായി കയറി. ഒരു മണിക്കൂറിലധികം വ്യായാമം. തുടർന്ന് ഗസ്റ്റ്റൂമിനോടു ചേർന്നുള്ള കുളിമുറിയിൽ കുളി.

സ്കൂൾ പ്രിൻസിപ്പൽ ജോർജ് കോലഞ്ചേരി, മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങളായ എം.കെ. അബ്ദുൾ റഹ്മാൻ, സി.എം. മുഹമ്മദ് ഹാറൂൺ, അഡ്വ. പി.കെ. സിദ്ദിക്ക്, കെ.എസ്. സിറാജുദ്ദിൻ എന്നിവരുമായി സംസാരിച്ചു.