ഓച്ചിറ: സ്വയം നെയ്തെടുത്ത മെത്തപ്പായ രാഹുലിനു സമ്മാനിച്ച തഴവ കുതിരപ്പന്തി കണ്ണങ്കരത്തറയിൽ ശങ്കരിയമ്മയാണ് ഇപ്പോൾ നാട്ടിലെ താരം. സംഭവം രാഹുൽ തന്റെ ഫെയ്സ്ബുക്കിൽ പങ്കുവെച്ചതോടെ ശങ്കരിയമ്മ സാമൂഹികമാധ്യമങ്ങളിലും ജനശ്രദ്ധ നേടി. മെത്തപ്പായ സ്വീകരിച്ചശേഷം രാഹുൽ ചേർത്തുനിർത്തി ആശ്ലേഷിച്ചതോടെ എൺപതുകഴിഞ്ഞ ശങ്കരിയമ്മയ്ക്ക് അതിരറ്റ ആഹ്ലാദം.

ഭാരത് ജോഡോ യാത്ര സമീപപ്രദേശമായ വവ്വാക്കാവിലൂടെ കടന്നുപോകുമെന്ന് നേരത്തേ അറിഞ്ഞതുമുതൽ അദ്ദേഹത്തെ നേരിൽക്കാണണമെന്ന് ആഗ്രഹമായി ശങ്കരിയമ്മയ്ക്ക്. ആഗ്രഹം കോൺഗ്രസ് പ്രവർത്തകനായ കൈപ്ലേത്ത് ഗോപാലകൃഷ്ണനോട് പറഞ്ഞു. അദ്ദേഹം വഴിയുണ്ടാക്കാമെന്നേറ്റതോടെ വെറുംകൈയോടെ എങ്ങനെ രാഹുലിനെ കാണുമെന്നായി ചിന്ത. കുട്ടിക്കാലംമുതൽ തഴപ്പായനെയ്ത്തിനെ ആശ്രയിച്ചുകഴിയുന്ന ശങ്കരിയമ്മ ഒരു കാര്യം നിശ്ചയിച്ചു. ഏറ്റവും മുന്തിയ ഇനം മെത്തപ്പായതന്നെ രാഹുലിനു സമ്മാനിക്കണം. അങ്ങനെ ഇളംകൈത വെട്ടി, മുള്ളുകളഞ്ഞ്, പുഴുങ്ങി ഏറ്റവും മൃദുവായ മെത്തപ്പായ നെയ്തെടുത്തു. ശാരീരിക അവശതകളെല്ലാം മറന്ന് രണ്ടാഴ്ചയെടുത്താണ് വിപണിയിൽ 3,500 രൂപ വിലവരുന്ന മനോഹരമായ മെത്തപ്പായ നെയ്തെടുത്തത്.

മെത്തപ്പായുമായി അതിരാവിലെതന്നെ ഗോപാലകൃഷ്ണനുമൊത്ത് വവ്വാക്കാവിലെത്തി ദേശീയപാതയുടെ ഓരംചേർന്നു നിന്നു. ശങ്കരിയമ്മ എത്തിയ വിവരം സി.ആർ.മഹേഷ് എം.എൽ.എ.യെ അറിയിച്ചതിനെത്തുടർന്ന്, കെ.സി.വേണുഗോപാൽവഴി രാഹുലിന് മെത്തപ്പായ നൽകാൻ അനുവാദമായി. നിറഞ്ഞ മനസ്സോടെയാണ് തന്റെ സ്നേഹം കൈമാറിയതെന്നു പറയുമ്പോൾ ശങ്കരിയമ്മയുടെ സന്തോഷം ഇരട്ടിയായി.

രാഹുലിന്റെ മുതുമുത്തച്ഛൻ നെഹ്റുവിനും തഴവ തഴപ്പായ സമ്മാനിച്ചിട്ടുണ്ട്. 1953-ൽ നെഹ്റു കരുനാഗപ്പള്ളിയിൽ എത്തിയപ്പോൾ സ്വാതന്ത്ര്യസമര സേനാനികളായ കോട്ടുകോയിക്കൽ വേലായുധൻ മാഷ് സെക്രട്ടറിയും കൈതവനത്തറ രാഘവൻ പിള്ള പ്രസിഡന്റുമായ തഴവ കുടിൽവ്യവസായ വിനിയോജക സഹകരണസംഘത്തിൽ നെയ്തെടുത്ത ചെറു മെത്തപ്പായ ഈറ്റക്കുഴലിനുള്ളിൽവെച്ച് നെഹ്റുവിനു സമ്മാനിച്ചിരുന്നു. ന്യൂഡൽഹിയിലെ തീൻമൂർത്തീ ഭവനിൽ ഇപ്പോഴും അത് ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. ഇപ്പോൾ നെഹ്റു കുടുംബത്തിലെ ഇളമുറക്കാരനും തഴവയുടെ സ്നേഹാദരത്തിനു പാത്രമായി.