പദയാത്രയ്ക്കിടെ രണ്ട് തവണയാണ് രാഹുൽ ഗാന്ധി സുരക്ഷ മറികടന്നത്. രണ്ടും ചായ കുടിക്കാൻ തന്നെ. കൊല്ലം ജില്ലയിലേക്ക് ജാഥ പ്രവേശിച്ച് അര മണിക്കൂർ കഴിഞ്ഞപ്പോഴായിരുന്നു ആദ്യം. ശ്രീരാമപുരം അൽസാജ് ഹോട്ടലിലേക്ക് രാഹുൽ ഓടിക്കയറി. പിന്നാലെ നേതാക്കന്മാരും. ആദ്യം ഒരു ചായ പറഞ്ഞു. പിന്നാലെ ഒരു ബ്രഡ് ഓംലറ്റ്. വീണ്ടുമൊരു ചായ. കൂട്ടത്തിൽ കുറച്ച് ബിസ്കറ്റ്. 

യാത്ര അവസാനിക്കാൻ ഒരു മണിക്കൂർ മാത്രം ബാക്കിനിൽക്കെ മേവറം ജംക്‌ഷനിലെ എസ്.ജലാലിന്റെ സിംല റസ്റ്ററന്റിലേക്ക് വഴിയരികിൽ നിന്നവരുടെ ഇടയിലൂടെ ഒരോട്ടം. വേണ്ടത് ചായ. പിന്നാലെ സ്നാക്സ്. വീശിയടിക്കുന്ന പൊറോട്ട കണ്ടപ്പോൾ അതും ഒരെണ്ണം പോരട്ടെ എന്നായി. പാഴ്സലും വാങ്ങിയാണ് കടയിൽ നിന്നിറങ്ങിയത്. രണ്ട് തവണയും വെള്ളം കുടിച്ചത് സുരക്ഷാജീവനക്കാർ.