ന്യൂഡൽഹി: ശിരോവസ്ത്രം നിർബന്ധമാണെന്നു പറയുന്നതിന്‍റെ അടിസ്ഥാനമെന്തെന്ന് സുപ്രീംകോടതിയിൽ ശിരോവസ്ത്ര നിരോധനത്തിനെതിരെയുള്ള ഹരജികളിൽ വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ചോദിച്ചു. ശിരോവസ്ത്രം അനിവാര്യമായ ആചാരമാണെന്ന് കേരള ഹൈകോടതി വിധിയുള്ളതായി ഹരജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ മറുപടി നൽകി. ഖുർആനിക വിധികളും ഹദീസുകളും പരാമർശിച്ച് തല മറയ്ക്കുന്നതും മുഖഭാഗം ഒഴികെ നീളമുള്ള കൈയുള്ള വസ്ത്രം ധരിക്കുന്നതും നിർബന്ധമാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഇസ്‍ലാമെന്ന പേരിലുള്ള എന്തും തകർക്കാൻ തക്ക അമർഷം ഭൂരിപക്ഷ സമുദായത്തിനിടയിൽ ഇന്ന് നിലനിൽക്കുന്നുണ്ട്. ശിരോവസ്ത്ര കേസ് ശരിയായ കാഴ്ചപ്പാടിൽ നാം കണ്ടില്ലെങ്കിൽ പ്രശ്നമുണ്ട്. പശുവിന്‍റെ പേരിലുള്ള ആൾക്കൂട്ട ആക്രമണം നാം കാണുന്നുണ്ടെന്നും രാജീവ് ധവാൻ പറഞ്ഞു. വസ്തുതകൾ മുൻനിർത്തി മാത്രം സംസാരിക്കാൻ ജസ്റ്റിസ് ഗുപ്ത നിർദേശിച്ചപ്പോൾ താൻ വിവേചനത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം മറുപടി നൽകി.