കൊല്ലം: ഒപ്പമുള്ളവർ ഒരു ചുവടുവയ്ക്കുന്ന സമയംകൊണ്ട് രാഹുൽ ഗാന്ധി മൂന്നു ചുവടുവയ്ക്കും. ഓരോന്നും ഒന്നൊന്നര ചുവടാണ്. ഓടിനിന്നില്ലെങ്കിൽ കൂടെയെത്താൻ കഴിയില്ല. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഏഴാംദിവസത്തിലേക്ക് കടന്നപ്പോൾ കേരളത്തിലെ നേതാക്കൾ ഒരഭ്യർത്ഥന നടത്തി-‘വേഗം ഇത്തിരി കുറയ്ക്കണം.’ പലർക്കുമുള്ള ബുദ്ധിമുട്ട് കേട്ടപ്പോൾ ഒടുവിൽ രാഹുൽ സമ്മതിച്ചു.
ബുധനാഴ്ച രാവിലെ അരമണിക്കൂർ വൈകിയാണ് യാത്ര തുടങ്ങിയതെങ്കിലും വേഗം വളരെ കുറച്ചാണ് അദ്ദേഹം നടന്നത്. ഒരു കിലോമീറ്റർ പിന്നിട്ടതോടെ വേഗം കൂടിവന്നു. പതിഞ്ഞ താളത്തിൽ തുടങ്ങി തകർത്തുകൊട്ടുന്ന പഞ്ചാരിപോലെ പിന്നീടത് അതിവേഗമുള്ള ചുവടുകളായി. തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളത്തുനിന്ന് കൊല്ലത്തെ പാരിപ്പള്ളി ശ്രീരാമപുരംവരെയുള്ള ആറരക്കിലോമീറ്റർ 50 മിനിറ്റുകൊണ്ടാണ് രാഹുൽ നടന്നെത്തിയത്. രാവിലെ 10.30-ന് എത്തിച്ചേരേണ്ട ചാത്തന്നൂരിലെ വിശ്രമകേന്ദ്രത്തിൽ 10.25-നുതന്നെ പദയാത്രയെത്തി. ഒപ്പംനടന്ന കേരള നേതാക്കളുടെ വസ്ത്രങ്ങൾ വിയർപ്പിൽ കുതിർന്ന് ദേഹത്തോട് ഒട്ടിയിരുന്നു. കേരളം മുഴുവൻ നീളുന്ന പദയാത്രകൾ നടത്തിയിട്ടുള്ള കെ.സി.വേണുഗോപാലും രമേശ് ചെന്നിത്തലയും കെ.മുരളീധരനുമെല്ലാം ഓടിയോടിയാണ് രാഹുലിനൊപ്പം നിന്നത്.
രാഹുൽജിയുടെ വേഗം ആദ്യ ദിവസങ്ങളിൽ ഒട്ടേറെ നേതാക്കൾക്ക് ബുദ്ധിമുട്ടായതുകൊണ്ടാണ് വേഗം കുറയ്ക്കാൻ അഭ്യർത്ഥിച്ചത്. പതിയെ നടന്നുതുടങ്ങിയാലും അദ്ദേഹമറിയാതെ പിന്നെയും വേഗം കൂടും. അപ്പോഴൊക്കെ ഓർമിപ്പിക്കും. ഇപ്പോൾ അല്പം ആശ്വാസമുണ്ട്.’-എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.



