ന്യൂഡല്‍ഹി: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കും സെക്രട്ടറി ജയ് ഷായ്ക്കും ആശ്വാസമായി സുപ്രീം കോടതി വിധി. ബിസിസിഐയുടെ ഭരണഘടനാ ഭേദഗതിക്ക് സുപ്രീം കോടതി അംഗീകാരം നല്കി. ഇതോടെ ഗാംഗുലിക്കും ജയ് ഷായ്ക്കും പദവികളിൽ തുടരാം. ബിസിസിഐ തെരഞ്ഞെടുപ്പിലും മത്സരിക്കാം. ഇത് സംബന്ധിച്ച് വിശദമായ ഉത്തരവ് വ്യാഴാഴ്ച പുറത്തിറങ്ങും.
സംസ്ഥാന അസോസിയേഷനിൽ ആറ് വർഷവും ബിസിസിഐയിൽ ആറ് വർഷവും ഉൾപ്പെടെ 12 വർഷത്തേക്ക് ഭാരവാഹികൾക്ക് തുടർച്ചയായി പദവികൾ വഹിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിൽ പറയുന്നു. ഇതോടെ ഗാംഗുലിക്കും ജയ് ഷായ്ക്കും 2025വരെ സ്ഥാനത്ത് തുടരാനാകും.
ബിസിസിഐ ഭരണഘടനയിലെ “കൂളിംഗ് ഓഫ് പിരീഡ്’ ക്ലോസ് അനുസരിച്ച് ഗാംഗുലിയുടേയും ഷായുടേയും കാലാവധി ഈ മാസം ആദ്യം അവസാനിച്ചിരുന്നു. ഇതിനെ മറികടക്കാനാണ് ഭരണഘടന ഭേദഗതി കൊണ്ടുവന്നത്. ഇതിനാണ് സുപ്രീം കോടതി അംഗികാരം നൽകിയിരിക്കുന്നത്. ബിസിസിഐയുടെ തലപ്പത്ത് മൂന്ന് വര്‍ഷമാണ് ഇരുവരും നിന്നത്. അതിന് മുന്‍പുള്ള ആറുവര്‍ഷം ഇരുവരും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെ തലപ്പത്തുണ്ടായിരുന്നു.
നിലവിൽ ഒൻപത് വർഷമാണ് ഭാരവാഹികൾക്ക് തുടർച്ചയായി പദവികൾ വഹിക്കാൻ കഴിയുമായിരുന്നത്. ഇതിനു ശേഷം കൂളിംഗ് പീരിഡ് എന്ന നിലയിൽ മാറിനിൽക്കണം. പിന്നീട് മാത്രമേ മത്സരിക്കാൻ അവകാശമുണ്ടായിരുന്നുള്ളു.



