കാണ്‍പൂര്‍: റോഡ് സേഫ്റ്റി വേള്‍ഡ് സീരിസില്‍ ഇന്ന് ക്രിക്കറ്റ് ഇതിഹാസങ്ങളായ ബ്രയാന്‍ ലാറ- സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നേര്‍ക്കുനേര്‍. രാത്രി 7.30ന് കാണ്‍പൂരിലാണ് ഇന്ത്യ ലെജന്‍ഡ്‌സ്- വിന്‍ഡീസ് ലെജന്‍ഡ്‌സ് മത്സരം. ടൂര്‍ണമെന്റില്‍ രണ്ടാം ജയമാണ് ഇരു ടീമുകളുടേയും ലക്ഷ്യം. വൂട്ട് (Voot) ആപ്പിലൂടെ മത്സരം കാണാം. ഒരുകാലത്ത് ക്രിക്കറ്റ് ഗ്രൗണ്ടുകളില്‍ തീ പടര്‍ത്തിയ ഇതിഹാസങ്ങള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാധകര്‍ക്കും ഇരട്ട സന്തോഷം. ആദ്യ മത്സരം ജയിച്ചാണ് ഇരുവരും വരുന്നത്. ഇന്ത്യ ആദ്യ കളിയില്‍ 61 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചിരുന്നു. ബംഗ്ലാദേശിനെതിരെ ആയിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ ആദ്യ ജയം. ആദ്യ കളിയില്‍നിന്ന് വിട്ടുനിന്നിരുന്ന ലാറ ഇന്ന് ഇന്ത്യക്കെതിരെ കളിക്കും.
യുവ്‌രാജ് സിംഗും സുരേഷ് റെയ്‌നയും പത്താന്‍ സഹോദരന്‍മാരും അടങ്ങിയ ടീം ഇന്ത്യക്ക് തന്നെ കരുത്ത് കൂടുതല്‍. ദക്ഷിണാഫ്രിക്കക്കെതിരെ സ്റ്റുവര്‍ട്ട് ബിന്നിയുടെ അതിവേഗ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ക്യാപ്റ്റന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും യുവരാജ് സിംഗും അടക്കമുള്ള ഇതിഹാസ താരങ്ങള്‍ നിരാശപ്പെടുത്തിയെങ്കിലും സ്റ്റുവര്‍ട്ട് ബിന്നിയുടെയും സുരേഷ് റെയ്‌നയുടെയും വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ലെജന്‍ഡ്‌സ് 20 ഓവറില്‍ വിക്കറ്റ് നാലു നഷ്ടത്തില്‍ 217 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.



