കാർ ഓടിക്കവേ ശാരീകാസ്വാസ്ഥ്യം, നിയന്ത്രണം നഷ്ടമായ വാഹനം വൈദ്യുതി പോസ്റ്റിലിടിച്ചു നിന്നു. ഒഴിവായത് വലിയ ദുരന്തം. ആലപ്പുഴ വികാസ് ഗാർഡനിൽ രഞ്ജിത്ത് ചന്ദ്രനാണ് അപകടത്തിൽ പെട്ടത്. കൈക്ക് പരിക്കേറ്റിട്ടുണ്ട്. ആലപ്പുഴ മുൻസിഫ് മജിസ്‌ട്രേറ്റ് അശ്വതിയുടെ ഭർത്താവാണ്.

രക്തസമ്മർദ്ദത്തിൽ വ്യത്യാസമുണ്ടായതോടെയാണ് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടമായതെന്ന് ഇദ്ദേഹം പറയുന്നു. കോട്ടയം താഴത്തങ്ങാടി അറുപുഴ പാറപ്പാടം ആറാട്ട് കടവ് ഭാഗത്താണ് സംഭവം. നിയന്ത്രണം നഷ്ടമായ ആഡംബര കാർ വൈദ്യുതി, ടെലിഫോൺ പോസ്റ്റുകൾ ഇടിച്ച് തകർന്നു. കാറിൻ്റെ മുൻ ഭാഗവും തകർന്നെങ്കിലും യാത്രക്കാരൻ കാര്യമായി പരിക്കേൽക്കാതെ രക്ഷപെട്ടു.

കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്നതിനാൽ വൻ ദുരന്തമാണ് ഒഴിവാകുകയായിരുന്നു. അല്ലാത്തപക്ഷം വാഹനം സമീപത്ത് മീനച്ചിലാറ്റിലേയ്ക്കു പതിക്കുമായിരുന്നു. അപകടത്തെ തുടർന്നു പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു.

ആലപ്പുഴ ഭാഗത്തേയ്ക്കു പോകുകയായിരുന്നു കാർ. നാട്ടുകാരും, ഫയർഫോഴ്സ് അധികൃതരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.