ചെന്നൈ: ജ്യേഷ്ഠനെ കുത്തികൊലപ്പെടുത്തിയ കേസില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍ അറസ്റ്റില്‍. കഞ്ചാവ് വാങ്ങാന്‍ അമ്മയോട് കാശ് ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറഞ്ഞതിന് അമ്മയെ മര്‍ദിച്ച അനുജനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു കുത്തേറ്റത്. അയല്‍ക്കാര്‍ പെട്ടെന്നുതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാഞ്ചീപുരം പഞ്ചായിയപ്പന്‍സ് സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലെ പ്ലസ് ടൂ വിദ്യാര്‍ഥി ജേര്‍ളി ജോണ്‍ ആണ് അറസ്റ്റിലായത്. ജില്ലയിലെ ഒരു സ്‌കൂളിലെ ഹെഡ്മിസ്ട്രസാണ് ജേര്‍ളി ജോണിന്റെ അമ്മ സെല്‍വറാണി. അമ്മയും രണ്ട് മക്കളുമാണ് താമസിച്ചിരുന്നത്. അധ്യാപകനായിരുന്ന അച്ഛന്‍ പ്രഭുദോസ് രണ്ട് വര്‍ഷം മുമ്പാണ് മരിച്ചത്.
ജേര്‍ലിയുടെ മൂത്ത സഹോദരന്‍ പി വിന്‍സന്റ് ആണ് കൊല്ലപ്പെട്ടത്. ജേര്‍ളി ജോണ്‍ ലഹരിക്ക് അടിമയാണെന്നാണ് പോലീസ് നല്‍കുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ ശനിയാഴ്ച ലഹരി വസ്തുക്കള്‍ വാങ്ങുന്നതിനായി അമ്മയോട് കാശ് ചോദിച്ചു. എന്നാല്‍ തരില്ലെന്ന് പറഞ്ഞ അമ്മയെ ജേര്‍ളി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇത് തടയാന്‍ മൂത്ത സഹോദന്‍ ഇടപെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.
രോഷാകുലനായ ജേര്‍ലി ജോണ്‍ അടുക്കളയിലിരുന്ന കത്തി എടുത്ത് വിന്‍സന്റിന്റെ നെഞ്ചിന് കുത്തുകയായിരുന്നു. അമ്മയുടെ കരച്ചില്‍ കേട്ട് എത്തിയ അയല്‍വാസികളാണ് വിന്‍സെന്റിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു.
കൊലപാതകത്തിന് കാഞ്ചി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിന്‍സെന്റിന്റെ മൃതദേഹം കാഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ജേര്‍ലി ജോണിനെ ഞായറാഴ്ച പുലര്‍ച്ചെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ജേര്‍ലിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.



