അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചിണ്ടക്കി പഴയൂരിലെ വീട്ടിലെത്തി ആരിഫ് മുഹമ്മദ് ഖാന്‍ മധുവിന്റെ അമ്മയെ സന്ദര്‍ശിച്ചത്. മധുവിന്റെ കുടുംബത്തിന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു.

സംസ്ഥാനത്തിന്റെ ഓണാഘോഷ ചടങ്ങിന് സാമാപനം കുറിക്കേണ്ട നേരത്താണ് ആരിഫ് മുഹമ്മദ് ഖാന്‍ മധുവിന്റെ വീട്ടിലെത്തിയത്. മധുവിന്റെ അമ്മയും സഹോദരിയും അനുഭവിച്ച വേദനയ്ക്ക് ഒപ്പം ചേരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. കുടുംബം ചില കാര്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്, അവ രേഖാമൂലം തരാന്‍ നിര്‍ദേശിച്ചുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു.

ഗവര്‍ണരുടെ സന്ദര്‍ശനം നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ഊര്‍ജം നല്‍കുന്നുവെന്ന് സഹോദരി സരസു മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ നേരിടുന്ന ഭീഷണിയും, അഭിഭാഷകന് പണം നല്‍കാത്ത കാര്യവും ഗവര്‍ണരോട് സൂചിപ്പിച്ചുവെന്ന് മധുവിന്റെ കുടുംബം പ്രതികരിച്ചു.

മധുകൊലക്കേസ് അട്ടിമറിക്കാന്‍ പ്രതികള്‍ പല വഴി തേടുമ്പോഴാണ്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരിട്ട് മധുവിന്റെ വീട്ടില്‍ എത്തുന്നത്. അഭിഭാഷകന് സര്‍ക്കാര്‍ ഫീസ് നല്‍കുന്നില്ല എന്ന് കുടുംബം ആരോപിക്കുമ്പോഴാണ് ഗവര്‍ണരുടെ സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്.

മധുവിന്റെ അമ്മ നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് നിവേദനം നല്‍കിയിരുന്നു. സാക്ഷികള്‍ കൂറുമാറുന്ന സാഹചര്യത്തില്‍ കേസില്‍ കേന്ദ്രസഹായം വേണമെന്നാണ് മധുവിന്റെ അമ്മ മല്ലി അമിത് ഷായോട് അഭ്യര്‍ത്ഥിച്ചത്.

2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികള്‍ ചേര്‍ന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്