ചണ്ഡിഗഢ്: മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് 16ാം വയസ്സില്‍ വിവാഹം കഴിക്കാമെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി. 16 മുതല്‍ 21 വയസുവരെയുള്ള ദമ്പതികള്‍ക്ക് അവരുടെ മാതാപിതാക്കളില്‍ നിന്നും സംരക്ഷണം നല്‍കാനാണ് വിധിയെന്ന് ഹൈക്കോടതി പ്രസ്താവിച്ചു. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് 16ാം വയസ്സില്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി.

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായ പത്താന്‍കോട്ടില്‍നിന്നുള്ള മുസ്‌ലിം ദമ്പതികളുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് ജസ്ജീത് സിങ് ബേദിയുടെ വിധി. സംരക്ഷണം തേടിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ഇസ്‌ലാമിക ശരീഅത്ത് നിയമം അടിസ്ഥാനമാക്കിയാണ് മുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹ പ്രായം നിശ്ചയിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

മുഹമ്മദിയന്‍ നിയമ തത്വങ്ങളിലെ 195ാമത് അനുച്ഛേദം പ്രകാരം 16 വയസ്സ് കഴിഞ്ഞ പെണ്‍കുട്ടിക്കും 21 വയസ്സ് കഴിഞ്ഞ ആണ്‍ക്കുട്ടിക്കും ഇസ്ലാമിക നിയമപ്രകാരം വിവാഹം കഴിക്കാനുള്ള പ്രായമാകും. അവര്‍ക്ക് തങ്ങളുടെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.