ന്യൂഡൽഹി: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിയ വോട്ടുകൾക്ക് പാർട്ടി തോറ്റ മണ്ഡലങ്ങളും പ്രതിപക്ഷത്തെ പ്രമുഖർ സ്ഥിരമായി ജയിക്കുന്ന മണ്ഡലങ്ങളും ലക്ഷ്യമിട്ട് ബി.ജെ.പി.യുടെ കരുനീക്കം. ദേശീയനേതാക്കളുടെ മേൽനോട്ടത്തിൽ കേന്ദ്രമന്ത്രിമാരെ രംഗത്തിറക്കി താഴെത്തട്ടുമുതൽ പ്രചാരണപരിപാടികൾ ആവിഷ്കരിക്കാനാണ് പദ്ധതി. നേരിയ ശതമാനം വോട്ടുകൾക്ക് പരാജയപ്പെട്ട 144 മണ്ഡലങ്ങളിൽ പകുതിയെങ്കിലും വിജയിക്കണമെന്ന ലക്ഷ്യത്തോടെയാണ് പരിപാടി. ആദ്യഘട്ടം ഈമാസം പൂർത്തയാക്കും. സംഘടനാ ജനറൽസെക്രട്ടറി ബി.എൽ. സന്തോഷിന്റെ നേതൃത്വത്തിലാണ് 18 മാസത്തിനുള്ളിൽ നടപ്പാക്കാനുള്ള പരിപാടികൾ തയ്യാറാക്കിയത്.

പാർട്ടിയെ സജ്ജമാക്കാൻ രണ്ടോ മൂന്നോ ലോക്സഭാമണ്ഡലങ്ങളടങ്ങുന്ന ക്ലസ്റ്ററുകളുടെ ചുമതല 40 കേന്ദ്രമന്ത്രിമാർക്ക് ബി.ജെ.പി. നൽകി. കേന്ദ്രമന്ത്രി നിർമലാ സീതാരാമനാണ് ശരദ്പവാർ കുടുംബത്തിന്റെ സ്വന്തംമണ്ഡലമായ ബാരാമതിയുടെ ചുമതല. നെഹ്രു കുടുംബത്തിന്റെ മണ്ഡലമായ റായ് ബറേലിയുടെ ചുമതല കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമറിനാണ്.