സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രതിസന്ധിയുണ്ടെന്നത് ശരിയാണ് എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്ന രീതിയില്‍ ബുദ്ധിമുട്ടുകളില്ല.

കേന്ദ്രം ഭീമമായ തോതില്‍ പണം വെട്ടിക്കുറച്ചെന്നും മന്ത്രി വ്യക്തമാക്കി.കേന്ദ്രം പണം തന്നില്ലെങ്കില്‍ സാമ്പത്തിക ഞെരുക്കം ഉണ്ടാകും. ജിഎസ്ടി കുടിശിക കിട്ടാനുണ്ട്. ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പറ്റുമെന്നാണ് പ്രതീക്ഷയെന്നും ബാലഗോപാല്‍ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാതോടെ വരും ദിവസങ്ങളില്‍ കടുത്ത ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് ധനവകുപ്പ്. നിയന്ത്രണം ഏത് വിധത്തില്‍ വേണമെന്നുള്ളതിന്റെ തീരുമാനം നാളെയുണ്ടാകും.

ചെലവ് ചുരുക്കി പ്രതിസന്ധിയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. 15000 കോടി രൂപയാണ് ഓണക്കാലത്ത് ചെലവായിട്ടുള്ളത്. വിവിധ പദ്ധതികള്‍ക്കായി ബജറ്റില്‍ അനുവദിച്ചിരിക്കുന്ന പണം ചെലവഴിക്കുന്നതില്‍ നിയന്ത്രണം വരുത്തുകയാണ് പ്രധാന മാര്‍ഗമായി സര്‍ക്കാര്‍ കാണുന്നത്.

എത്ര തുക വരെ ചെലവിടലിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ധനവകുപ്പ് ഉടന്‍ തീരുമാനമെടുക്കും.പ്രതിസന്ധി മറിക്കടക്കാനുള്ള പരിഹാരം കേന്ദ്രത്തില്‍ നിന്നുള്ള ധനക്കമ്മി നികത്തല്‍ ഗ്രാന്‍ഡ്, ജിഎസ്ടി വിഹിതം എന്നിവ കിട്ടലാണ്.

നാളെയോടെ ഇത് കിട്ടിയില്ലെങ്കില്‍ ഓവര്‍ഡ്രാഫ്റ്റ് എടുക്കേണ്ടി വരും. നിത്യച്ചെലവിനായി റിസര്‍വ് ബാങ്കില്‍ നിന്നും എടുക്കാവുന്ന തുക 1680 കോടിയാണ്. ചില വകുപ്പുകള്‍ പദ്ധതികള്‍ക്കായി വാങ്ങിയ തുക ചെലവഴിക്കാതെ അക്കൗണ്ടുകളിലുണ്ട്. അതും തിരിച്ച് പിടിക്കാനാണ് ധനവകുപ്പിന്റെ ആലോചന.