ചെന്നൈ: വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിനു തീപിടിച്ചു. സ്‌കൂള്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു. തമിഴ്‌നാട് ആരക്കോണത്തെ ഭാരതി ദാസന്‍ സ്‌കൂളിലെ ബസിനാണ് തീപിടിച്ചത്. ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സേന്തമംഗലം റെയില്‍വേ ക്രോസിന് സമീപമായിരുന്നു അപകടം. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാകാം അപകടകാരണമെന്നാണ് പൊലീസിന്റെ നിഗമനം.

ഇന്ന് രാവിലെ 6.15ഓടെയായിരുന്നു സംഭവം. വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട ബൈക്ക് യാത്രികന്‍ ബസ് ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഡ്രൈവര്‍ ബസ് നിര്‍ത്തി വിദ്യാര്‍ത്ഥികളെ പുറത്തിറക്കിതിനാല്‍ വന്‍ അപകടം ഒഴിവായി. ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ ഫോഴ്‌സും പോലീസും സ്ഥലത്തെത്തിയെങ്കിലും വാഹനത്തിന്റെ ഭൂരിഭാഗവും കത്തിനശിച്ചു. 7.30ഓടെയാണ് വാഹനത്തിന്റെ തീ പൂര്‍ണമായും അണച്ച് അതുവഴിയുള്ള ഗതാഗതം പുനരാരംഭിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.