മലപ്പുറത്ത് തെരുവുനായ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. ഐക്കരപ്പടി സ്വദേശി സൗരവ് (21) ആണ് മരിച്ചത്. ഓട്ടോ ഓടിച്ചിരുന്ന രാഹുല്‍ ശങ്കറിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ പുലര്‍ച്ചെ ഫാറൂക്ക് കോളേജ്- വാഴക്കാട് റോഡിലായിരുന്നു അപകടമുണ്ടായത്. കോഴിക്കോട് പാലാഴിയില്‍ നിന്ന് ജോലി കഴിഞ്ഞു മടങ്ങിവരുമ്പോഴായിരുന്നു അപകടം. തെരുവുനായ ഓട്ടോയുടെ കുറുകെ ചാടുകയായിരുന്നു.
ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോ റോഡരികിലെ ഗേറ്റിന്റെ തൂണില്‍ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തില്‍ സൗരവിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ആശുപത്രിയിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൗരവും രാഹുല്‍ ശങ്കറും ഒരു ഡെക്കറേഷന്‍ സ്ഥാപനത്തിലെ ജോലിക്കാരാണ്.
കേരളത്തിലെ തെരുവുനായ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. തെരുവുനായ പ്രശ്‌നം ഗുരുതരമാണ്. പ്രശ്‌നപരിഹാരത്തിന് എല്ലാ കക്ഷികളും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം. റോഡിലൂടെ നടക്കുന്നവരെ നായ കടിക്കുന്നത് അംഗീകരിക്കാനാകില്ല. കേരളത്തില്‍ തെരുവുനായകള്‍ ഗൗരവകരമായ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നത് വസ്തുതയാണെന്നും കോടതി വ്യക്തമാക്കി. മലയാളി അഭിഭാഷകനാണ് വിഷയത്തില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ ഈ മാസം 28ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.



