അടൂർ: രണ്ടു കിലോയിലേറെ കഞ്ചാവുമായി സി.പി.ഐ. നേതാവ് പിടിയിൽ. സി.പി.ഐ. കൊടുമൺ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറിയും എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗവുമായ ജിതിൻ മോഹനെയാണ് അടൂരിൽ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 2.250 കിലോ കഞ്ചാവും പിടിച്ചെടുത്തു.

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അടൂർ എക്സൈസ് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. ജിതിനും കൊടുമൺ സ്വദേശിയായ അനന്തുവും വിൽപ്പന നടത്താനുള്ള കഞ്ചാവുമായി കാറിൽ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെയാണ് എക്സൈസ് സംഘം ഇവരെ തടഞ്ഞത്. എക്സൈസിനെ കണ്ടതോടെ അനന്തു ഓടിരക്ഷപ്പെട്ടു. ഇയാൾക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. 

പിടിയിലായ ജിതിനും രക്ഷപ്പെട്ട അനന്തുവും കൊടുമണ്ണിലും പരിസരപ്രദേശങ്ങളിലും ലഹരിവസ്തുക്കൾ വിൽക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് ഇരുവരും എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.