തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യി​ട്ടും സീ​റ്റി​ല്ലാ​തെ മൂ​ന്ന്​ ജി​ല്ല​ക​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ൾ. മ​ല​പ്പു​റത്ത് 10,985 കു​ട്ടി​ക​ളാണ് പ്ലസ് വൺ സീറ്റ് ലഭിക്കാതെ പുറത്തിരിക്കുന്നത്. ജി​ല്ല​യി​ൽ ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്​​മെ​ന്‍റി​നാ​യി നി​ല​വി​ൽ ഒ​രു സീ​റ്റ്​ പോ​ലു​ം ബാക്കിയി​ല്ല. അതേസമയം, കോ​ട്ട​യ​ത്ത്​ മുഴുവൻ കുട്ടികൾക്കും പ്രവേശനം നൽകിയിട്ടും 3,144 സീ​റ്റ് ബാക്കി കിടക്കുകയാണ്. പ​ത്ത​നം​തി​ട്ട​യി​ലും അപേക്ഷിച്ച എല്ലാവർക്കും പ്രവേശനം ലഭിച്ചിട്ടും 1,524 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.

അ​പേ​ക്ഷ​ക​രാ​യ എ​ല്ലാ​വ​ർ​ക്കും പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​ന്​ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ പ്ര​ഖ്യാ​പ​നം പാ​ഴ്​​വാ​ക്കാ​യെ​ന്ന ആ​ക്ഷേ​പ​ം ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു. മലബാറിലെ മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്​ ജി​ല്ല​ക​ളി​ലാ​ണ്​ അ​പേ​ക്ഷ​ക​ർ​ക്ക്​ മ​തി​യാ​യ സീ​റ്റി​ല്ലാ​ത്ത​ത്. 

മ​ല​പ്പു​റം ജി​ല്ല​യി​ൽ 18054 പേ​രാ​ണ്​ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്​​മെ​ന്‍റി​നാ​യി അ​പേ​ക്ഷി​ച്ചി​രു​ന്ന​ത്. അ​വ​ശേ​ഷി​ച്ചി​രു​ന്ന​ത്​ 6917 സീ​റ്റു​ക​ളാ​യി​രു​ന്നു. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള അ​ധി​ക സീ​റ്റ്​ കൂ​ടി ചേ​ർ​ത്ത്​ ജി​ല്ല​യി​ൽ 7069 പേ​ർ​ക്കാ​ണ്​ അ​ലോ​ട്ട്​​മെ​ന്‍റ്​ ന​ൽ​കി​യ​ത്. ജി​ല്ല​യി​ൽ ഇ​നി​യും 10985 കു​ട്ടി​ക​ൾ​ക്ക്​ സീ​റ്റ്​ ല​ഭി​ച്ചി​ട്ടി​ല്ല.