പാലക്കാട്: ഇതിന് മുമ്പും ഇതേ ബസിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പാലക്കാട്-ഗുരുവായൂർ റൂട്ടിലോടുന്ന ബസ് തടഞ്ഞു നിർത്തിയ സാന്ദ്ര. കൂറ്റനാടിന് സമീപം പെരുമണ്ണൂരിൽ അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്തെന്ന് ആരോപിച്ചായിരുന്നു സ്കൂട്ടർ യാത്രക്കാരിയായ സാന്ദ്ര ബസ് തടഞ്ഞിട്ടത്.ൽ

പാലക്കാട്-ഗുരുവായൂർ റൂട്ടിലോടുന്ന ‘രാജപ്രഭ’ ബസിനെതിരേയായിരുന്നു യുവതിയുടെ പ്രതിഷേധം. ബസ് തന്റെ സ്കൂട്ടറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ ഇടിച്ചിടാൻ പോയെന്നും അപകടകരമായരീതിയിലാണ് ബസ് ഡ്രൈവർ വാഹനമോടിച്ചതെന്നുമായിരുന്നു യുവതിയുടെ പരാതി. പിന്നീട് ബസ് മറ്റൊരു സ്റ്റോപ്പിൽ നിർത്തിയപ്പോളാണ് യുവതി സ്കൂട്ടർ മുന്നിൽനിർത്തി ബസ് തടഞ്ഞത്. തുടർന്ന് ജീവനക്കാരോട് തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ബസ് തടഞ്ഞു നിർത്തി ഡ്രൈവറോട് സംസാരിച്ചപ്പോൾ ബ്ലൂ ടൂത്ത് ഹെഡ് സെറ്റ് വെച്ച് ഒന്നും സംഭവിക്കാത്ത രീതിയിൽ സംസാരിക്കുകയായിരുന്നുവെന്ന് സ്കൂട്ടർ യാത്രക്കാരിയായ സാന്ദ്ര പറഞ്ഞു.

“എതിരെ ഒരു ലോഡിങ് വണ്ടി വരുന്നുണ്ടായിരുന്നു. ഞങ്ങളുടെ പിന്നിലായിരുന്നു രാജപ്രഭ എന്ന സ്വകാര്യ ബസ് ഉണ്ടായിരുന്നത്. തങ്ങളെ മറികടന്നു പോകാൻ പറ്റിയ സാഹചര്യമായിരുന്നില്ല ബസിനുണ്ടായിരുന്നത്. എന്നിട്ടും രാജപ്രഭ ബസ് ഓവർടേക്ക് ചെയ്ത് എടുത്തു. ഇടത് സൈഡിലുള്ള ചാലിൽ കൂടിയാണ് സ്കൂട്ടർ എടുക്കേണ്ടി വന്നത്. ഈ ഒരു അനുഭവം ഇതേ ബസിൽ നിന്ന് മുമ്പും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് ചാലിശ്ശേരി വരെ ബസിനെ പിന്തുടർന്ന് റോഡിൽ തടഞ്ഞിട്ടത്. ഒന്നര മിനിറ്റോളം ബസിനെ തടഞ്ഞു നിർത്തി. ഡ്രൈവറോട് കാര്യം സംസാരിച്ചു. നിങ്ങൾ ചെയ്തത് ശരിയായില്ല എന്ന് സംസാരിച്ചപ്പോൾ ഡ്രൈവർ കൈയിലുണ്ടായിരുന്ന ബ്ലൂ ടൂത്ത് ഹെഡ് സെറ്റ് ചെവിയിൽ വെച്ച് ഒന്നും സംഭവിക്കാത്ത പോലെ സംസാരിക്കുകയായിരുന്നു” സാന്ദ്ര പറഞ്ഞു.

മാധ്യമങ്ങളിൽ വാർത്ത ആയതോടെ വിഷയത്തിൽ പാലക്കാട് ആർ.ടി.ഒ. ഇടപെടുകയും പട്ടാമ്പി ജോയിന്റ് ആർ.ടി.ഒയോട് റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്.