തീപിടിച്ച വീട്ടില്‍നിന്ന് മൂന്ന് നായ്ക്കുട്ടികളെ ആമസോണ്‍ ഡെലിവറി ഏജന്റ് രക്ഷപ്പെടുത്തി. നെറ്റിസണ്‍സ് ഏജന്റിനെ അഭിനന്ദിച്ചു. യു.എസിലെ ഫ്‌ലോറിഡയിലാണ് സംഭവം. ആഞ്ജലിന്‍ സ്റ്റാര്‍ക്കി എന്നാണ് ഡെലിവറി ഏജന്റിന്റെ പേര്. രക്ഷാദൗത്യത്തിന്റെ ചിത്രങ്ങള്‍ കൊളംബിയ കൗണ്ടി ഫയര്‍ റെസ്‌ക്യൂ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. നിരവധി പേരാണ് ആഞ്ജലിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്.

വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഡെലിവറി ഏജന്റ് ആദ്യം 911 എന്ന നമ്പറില്‍ വിളിച്ചു. സംഭവം നടക്കുമ്പോള്‍ വീട്ടുടമസ്ഥന്‍ സ്ഥലത്തുണ്ടായിരുന്നില്ല. തുടര്‍ ആഞ്ജലിന്‍ വീട്ടില്‍ കയറി നായ്ക്കുട്ടികളെ പുറത്തെത്തിക്കുകയായിരുന്നു. മൂന്ന് നായ്ക്കുട്ടികളെ രക്ഷിക്കാനും വീടിനെ തീയില്‍നിന്ന് രക്ഷിക്കാനും ഇവര്‍ക്ക് കഴിഞ്ഞതായ ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറയുന്നു.

‘പ്രദേശത്തെ ഒരു കെട്ടിടത്തില്‍ ഇന്നലെ തീപിടിത്തമുണ്ടായപ്പോള്‍, മൂന്ന് നായ്ക്കുട്ടികളെ രക്ഷിക്കുകയും 911 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കുകയും ചെയ്ത ആമസോണ്‍ ഡ്രൈവര്‍ക്ക് നന്ദി’-പോസ്റ്റ് പറയുന്നു.