തൃത്താല എംഎൽഎ യും, മുൻ സ്പീക്കറുമായ എം. ബി രാജേഷ് ഇനി മന്ത്രി സ്ഥാനത്ത്. രാജ് ഭവനിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. സിപിഎം സംസ്ഥാന സമിതി അംഗവുമാണ് എം. ബി രാജേഷ്.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന എം.വി. ഗോവിന്ദൻ മന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പകരമായാണ് രാജേഷ് മന്ത്രിസഭയിലെത്തുന്നത്. ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ സത്യപ്രതിഞ്ജാ വാചകം ചൊല്ലി നൽകി. സഗൗരവമായിരുന്നു സത്യപ്രപതിജ്ഞ. മുഖ്യമന്ത്രിയും,  പ്രതിപക്ഷ നേതാവും, മറ്റ് മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. എം.ബി രാജേഷിൻ്റെ വകുപ്പുകൾ മുഖ്യമന്ത്രി ഗവർണറെ പിന്നീട് അറിയിക്കും.

എംവി ഗോവിന്ദന്‍ കൈകാര്യം ചെയ്ത അതേ വകുപ്പുകള്‍ തന്നെ എംബി രാജേഷിന് നല്‍കിയേക്കുമെന്നാണ് വിവരം. രണ്ടുതവണ എംപിയായ രാജേഷ് ആദ്യമായാണ് ഇക്കുറി നിയമസഭയിലെത്തുന്നത്. 

മന്ത്രിയായി  രാവിലെ 11 ന് സത്യപ്രതിജ്ഞ ചെയ്യുകയാണെന്നും എല്ലാവരുടെയും സഹകരണവും പിന്തുണയും തുടർന്നും ഉണ്ടാകണമെന്നും എംബി രജേഷ് അഭ്യർഥിച്ചു. വി ടി ബല്‍റാം തുടര്‍ച്ചയായി രണ്ടുതവണ ജയിച്ച തൃത്താല മണ്ഡലത്തില്‍ അദ്ദേഹത്തെ തോല്‍പ്പിച്ചാണ് ഇക്കുറി എംബി രാജേഷ് സഭയിലെത്തുന്നത്. കേരള രാഷ്ട്രീയം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു തൃത്താല.

പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ എംബി രാജേഷിന്‍റെ തോല്‍വിയും അപ്രതീക്ഷിതമായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിലും എംബി രാജേഷ് പ്രവര്‍ത്തിച്ചു. 2009ലും 2014ലും പാലക്കാ‌ട് ലോക്സഭാ മണ്ഡലത്തിലെ എംപി. നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ് രാജേഷ്. 

സ്പീക്കറായിരുന്ന എംബി രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും  എംബി രാജേഷിന് പകരം സ്പീക്കറായി തെരഞ്ഞെടുത്ത  ഷംസീറിൻ്റെ സത്യപ്രതിജ്ഞയ്ക്കായി സെപ്തംബര്‍ 12-ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും.  എം.ബി.രാജേഷ് രാജിവച്ചതോടെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് നിലവിൽ സഭാനാഥൻ്റെ ഉത്തരവാദിത്വം നിര്‍വഹിക്കുക.