ന്യൂഡൽഹി: കോൺഗ്രസ് ഡൽഹിയിൽ സംഘടിപ്പിച്ച വിലക്കയറ്റ വിരുദ്ധറാലിയിൽ രാഹുൽ ഗാന്ധി നടത്തിയത് ശക്തമായ പ്രസംഗമാണെന്ന് ചൂണ്ടിക്കാട്ടി ശശി തരൂരിന്റെ ട്വീറ്റ്. റാലിയിൽ വലിയ ജനക്കൂട്ടം എത്തി. ഇനി ഭാരത് ജോഡോ യാത്രയാണെന്നും തിരുത്തൽപക്ഷക്കാരനായ തരൂർ കൂട്ടിച്ചേർത്തു.
വിലക്കയറ്റ വിരുദ്ധ റാലിയിൽ മോദി സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഉയർത്തിയത്. രണ്ട് പ്രമുഖ വ്യവസായികൾക്കു വേണ്ടി 24 മണിക്കൂർ അധ്വാനിക്കുന്ന സർക്കാർ ജനവികാരം മാനിക്കുന്നില്ലെന്ന് റാലിയിൽ രാഹുൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുകീഴിൽ ഇന്ത്യ രണ്ടായി.
സ്വപ്നങ്ങൾ കരിഞ്ഞവരുടെ ഒരിന്ത്യ. ഏതാനും കോർപറേറ്റുകളുടെ ഏതു സ്വപ്നവും പൂവണിയുന്ന ഇന്ത്യ. വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കാൻ മോദിസർക്കാർ ഒന്നുംചെയ്യുന്നില്ല. പാവപ്പെട്ടവനോ തൊഴിലാളിക്കോ വ്യാപാരിക്കോ ഒന്നും കിട്ടുന്നില്ല. അത് അമർഷം വളർത്തുന്നു. ബി.ജെ.പിയും ആർ.എസ്.എസും വർഗീയവിദ്വേഷം വളർത്തി രാജ്യം വിഭജിക്കുന്നു.



