തിരുവനന്തപുരം: വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കേരളത്തിൽ നിന്ന് എട്ട് സ്ഥിരാംഗങ്ങൾ. ചാണ്ടി ഉമ്മൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ജുകുട്ടൻ, കെ.എസ്.യു. ജനറൽ സെക്രട്ടറി നബീൽ നൗഷാദ്, മഹിള കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫാത്തിമ, ഷീബ രാമചന്ദ്രൻ, കെ.ടി ബെന്നി, സേവാദൾ മുൻ അധ്യക്ഷൻ എം.എ. സലാം, ഗീത രാമകൃഷ്ണൻ എന്നിവരാണ് കേരളത്തിൽ നിന്ന് രാഹുൽ ഗാന്ധിയെ അനുഗമിക്കുന്ന സ്ഥിരാംഗങ്ങൾ. യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം 118 സ്ഥിരാംഗങ്ങളാണുള്ളത്.

സെപ്റ്റംബർ ഏഴിന് വൈകീട്ട് അഞ്ച് മണിയ്ക്ക് കന്യാകുമാരിയിൽ നിന്ന് ‘ഭാരത് ജോഡോ യാത്ര’ തുടങ്ങും. കാൽനടയായി 3,570 കിലോമീറ്റർ സഞ്ചരിച്ച് ജമ്മു കശ്മീരിലാണ് സമാപനം. ഗാന്ധിജിയെ നാഥുറാം വിനായക് ഗോഡ്സെ വെടിവെച്ചു കൊന്നതിന്റെ വാർഷിക ദിനത്തിൽ, 2023 ജനുവരി 30-ന് സമാപന സമ്മേളനം. ഈ അഞ്ച് മാസത്തിനിടെ രണ്ട് പ്രധാന തിരഞ്ഞെടുപ്പുകൾ കഴിയും. 

ഗുജറാത്തിലേയും ഹിമാചൽ പ്രദേശിലേയും ജനങ്ങൾ പുതിയ സർക്കാരിനെ തിരഞ്ഞെടുക്കും. രണ്ടിടത്തും പ്രതിപക്ഷത്തുള്ള കോൺഗ്രസ് അധികാരത്തിൽ തിരിച്ചു വരാനുള്ള തന്ത്രങ്ങൾ മെനയുന്നതും ‘ഭാരത് ജോഡോ യാത്ര’ യുടെ ഇടവേളകളിലാകും.