വൈറ്റില: വൈറ്റിലയിൽ സ്കൂൾ കുട്ടിയെ ആക്രമിച്ച നാഗാലാൻഡ് സ്വദേശിയെ നാട്ടുകാർ പോലീസിനു കൈമാറി. വെള്ളിയാഴ്ച ഉച്ചയോടെ സി.കെ.സി. ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയെയാണ് ആക്രമിച്ചത്. സ്കൂളിലെ ഓണാഘോഷം കഴിഞ്ഞു വീട്ടിലേക്കു പോയ വിദ്യാർഥി പൊന്നുരുന്നി െറയിൽ പാതയ്ക്കു സമീപമാണ് ആക്രമിക്കപ്പെട്ടത്.
സ്കൂളിനു സമീപത്തെ കടയിലെ ജീവനക്കാരനായ അഭയൽ സംസാരിച്ച് അടുത്തുകൂടി വിദ്യാർഥിയെ ബലമായി പിടിച്ച് റെയിൽ പാതയ്ക്കടുത്തുള്ള കാട്ടിനകത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.
കളരി അഭ്യാസിയായ കുട്ടി അക്രമിയുടെ മുട്ടുകാലിന് ആഞ്ഞ് ചവിട്ടിയ ശേഷം ഓടി രക്ഷപ്പെട്ടു. കുട്ടി വിവരം പറഞ്ഞതിനെ തുടർന്ന് വീട്ടുകാർ സംഭവം സ്കൂളിൽ അറിയിച്ചു. കുട്ടിയുടെ പിതാവും സുഹൃത്തുക്കളും നാട്ടുകാരും പി.ടി.എ. ഭാരവാഹികളും ചേർന്ന് അന്വേഷണം നടത്തി പ്രതിയെ ജോലി ചെയ്തിരുന്ന കടയിൽ കണ്ടെത്തി. തുടർന്ന് കടവന്ത്ര പോലീസിനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു.



