കണ്ണൂർ: പ്രതിപക്ഷവുമായി സഭയിൽ വാക്കേറ്റവും തർക്കവുമുണ്ടായത് ജനാധിപത്യത്തിന്റെ ഭാഗമെന്ന് നിയുക്ത നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. ഒരു ഭരണപക്ഷ എംഎൽഎ എന്ന നിലയിൽ പ്രതിപക്ഷം കടന്നാക്രമിക്കുമ്പോൾ മുന്നണിയേയും സർക്കാരിനേയും പ്രതിരോധിക്കേണ്ട ഉത്തരവാദിത്വമുണ്ട്. അത് മാത്രമാണ് നിയമസഭയിലുണ്ടായിട്ടുള്ളത്. ഒരിക്കലും അത് വ്യക്തിപരമായി ഒരു നേതാവിനോടുമുള്ള പ്രശ്നമല്ല. പ്രതിപക്ഷ അംഗങ്ങളിൽ പലരോടും അടുത്ത വ്യക്തിബന്ധമുണ്ടെന്നും ഷംസീർ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സ്പീക്കർ എന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുക. ഇക്കാര്യത്തിൽ മുൻഗാമികളുടെ മാതൃക സ്വീകരിക്കാനും അവരുടെ ഉപദേശം തേടാനുമാണ് തീരുമാനം. ആദ്യമായി സഭയിലെത്തുമ്പോൾ ശ്രീരാമകൃഷ്ണനും പിന്നീട് എം.ബി.ആറുമായിരുന്നു സ്പീക്കർ. ഇരുവരും പ്രതിപക്ഷത്തെ കേൾക്കുകയും അവർക്ക് പറയാനുള്ള കാര്യങ്ങൾ പറയാൻ സമയം അനുവദിക്കുകയും ചെയ്തവരാണ്. അതേ മാതൃക പിന്തുടരും, ഷംസീർ പറഞ്ഞു.

പ്രതിപക്ഷത്തിലേയും ഭരണപക്ഷത്തിലേയും മുതിർന്ന അംഗങ്ങളുടെ ഉപദേശം സ്വീകരിച്ചാകും സഭയെ നിയന്ത്രിക്കുന്ന ജോലി ചെയ്യുക. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയാണ്. അതിനാലാണ് ഭരണത്തുടർച്ച കിട്ടിയത്. അദ്ദേഹം പാർലമെന്ററി രംഗത്ത് വളരെയധികം അനുഭസമ്പത്തുള്ള പൊതുപ്രവർത്തകനാണ്. അദ്ദേഹത്തിന്റെ ഉപദേശവും തേടും. പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്തം നിറവേറ്റുകയെന്നതാണ് തന്നെ സംബന്ധിച്ച് പ്രധാനമെന്ന് മന്ത്രിയാകുമെന്ന പ്രചരണമുണ്ടായിരുന്നല്ലോയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.

മന്ത്രിയാകുന്നത് സംബന്ധിച്ച് വന്നത് ഊഹാപോഹങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം നിയമസഭയ്ക്കകത്തെ നിർണായക ശക്തിയാണ്. അംഗങ്ങളുടെ എണ്ണത്തിൽ അവരെ കുറച്ചുകാണാൻ കഴിയില്ല. നിയമസഭയുടെ അധികാരങ്ങൾ കവർന്നെടുക്കാൻ ശ്രമമുണ്ടായാൽ ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്ന നിലപാട് സ്വീകരിക്കും. അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിച്ചാൽ രാഷ്ട്രീയം നോക്കാതെ ജനാധിപത്യത്തെ സംരക്ഷിക്കാൻ തയ്യാറാകുന്ന എല്ലാവരേയും ഒരുമിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.