പുത്തനുടുപ്പിനായി മക്കൾ വാശിപിടിക്കുമ്പോൾ, നല്ല ഭക്ഷണത്തിന് അവർ കൊതിക്കുമ്പോൾ അവധി പറഞ്ഞും വഴക്കു പറഞ്ഞും ഞങ്ങൾ മടുത്തു. കടം വാങ്ങിയും ആഭരണങ്ങൾ പണയപ്പെടുത്തിയും ഇതുവരെ പിടിച്ചു നിന്നു. ഇനിയാവില്ല, ഞങ്ങൾക്ക് ജീവിക്കണം..’ കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ സമരത്തിനെത്തിയ വീട്ടമ്മ നിറകണ്ണുകളോടെ പറഞ്ഞു. 2 മാസത്തെ ശമ്പളം മുടങ്ങിയതോടെയാണു ജീവനക്കാരുടെ കുടുംബാംഗങ്ങൾ അടക്കം സമരത്തിനിറങ്ങിയത്.
മുദ്രാവാക്യം വിളിച്ചു പരിചയമില്ലാത്ത അവർ പറയുന്നതത്രയും സങ്കടാനുഭവങ്ങൾ; രോഗിയായ അച്ഛനും അമ്മയുമുണ്ട്. അവർക്കു മരുന്നു വാങ്ങണം, വീട്ടുവാടക കൊടുക്കണം.മക്കൾക്ക് ഫീസ് കൊടുക്കണം. ഇനിയും കടംവാങ്ങാനാവില്ല. സഹികെട്ടിട്ടാണ് സമരത്തിന് എത്തിയത്- ശബ്ദമിടറി അവർ പറഞ്ഞു. വിവിധ യൂണിയനുകളിലെ 12 ജീവനക്കാരാണു ധർണ നടത്തിയത്.
കണ്ടക്ടർമാരായ എം.എൻ. വൈശാഖിന്റെയും അമോൽ ജേക്കബിന്റെയും കുട്ടികളടക്കം കുടുംബാംഗങ്ങൾ സമരത്തിനെത്തി. ജൂലൈ മുതലുള്ള ശമ്പളം ജീവനക്കാർക്ക് ലഭിക്കാനുണ്ട്. കോവിഡ് കാലത്ത് ജീവൻ പണയപ്പെടുത്തി ജോലിക്ക് ഇറങ്ങിയവരാണ് തങ്ങളെന്നും മറ്റു സർക്കാർ ജീവനക്കാർ ഓണസദ്യ ഉണ്ണുമ്പോൾ പട്ടിണിക്കിടരുതെന്നുമാണ് ഇവരുടെ ആവശ്യം. നടപടിയില്ലെങ്കിൽ തിരുവോണനാളിൽ കുടുംബവുമായി സ്റ്റാൻഡിനു മുൻപിൽ മണ്ണു വിളമ്പി സദ്യ ഒരുക്കി പ്രതിഷേധിക്കുമെന്നു ജീവനക്കാർ പറയുന്നു.



