രണ്ട് ദിവസത്തെ കേരളാ സന്ദര്‍ശനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആവേശോജ്വല വരവേല്‍പ്പ്. നെടുമ്പാശേരി വിമാനത്താവള പരിസരത്ത് ബി ജെപി പ്രവര്‍ത്തകര് നല്‍കിയ സ്വീകരണത്തിന് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. രാജ്യത്ത് ബി ജെ പി സര്‍ക്കാര്‍ ഉള്ളിടത്തെല്ലാം അതിവേഗ വികസനമാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തില്‍ ബി ജെ പി സര്‍ക്കാര്‍ വന്നാല്‍ അത് ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ ആകും. കേരളത്തിന്റെ വികസനത്തിന് അത് കൂടുതല്‍ കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മലയാളത്തിലാണ് പ്രസംഗം തുടങ്ങിയത്. എല്ലാ മലയാളികള്‍ക്കും അദ്ദേഹം ഓണാശംസകള്‍ നേര്‍ന്നു. ”ഓണത്തിന്റെ അവസരത്തില്‍ എത്തിച്ചേരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. എല്ലാവര്‍ക്കും ഓണാശംസകള്‍. കേരളം മനോഹരമായ നാടാണ്. സംസ്‌കാരിക വൈവിദ്യവും പാരമ്പര്യവും പ്രകൃതി വൈവിദ്യവുംകൊണ്ട് അനുഗ്രഹീതമാണ് കേരളം’ – പ്രധാനമന്ത്രി മലയാളത്തില്‍ പറഞ്ഞു.
കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണനയിലുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദി പ്രസംഗത്തിലുടനീളം കേന്ദ്ര സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞു. പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും ആദിവാസികള്‍ക്കും സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രഥമ ലക്ഷ്യം.
അതിന് വേണ്ടി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജനയില്‍ രണ്ട് ലക്ഷം വീടുകള്‍ക്ക് തുടക്കമിട്ടു. കേരളത്തില്‍ ഒരുലക്ഷം വീടുകള്‍ നിര്‍മിച്ചു. കേരളത്തില്‍ ആയുഷ്മാന്‍ പദ്ധതിവഴി മൂവായിരം കോടി രൂപ ചികില്‍സയ്ക്ക് ചെലവഴിച്ചു. അടിസ്ഥാനവികസനത്തിന് ഒരു ലക്ഷം കോടി കേരളത്തില്‍ ചെലവാക്കിയെന്നും പ്രധാനമന്ത്രി. കൊച്ചി മെട്രോ രണ്ടാംഘട്ടം ശിലാസ്ഥാപനം വൈകിട്ട് 6.30ന് അദ്ദേഹം നിര്‍വഹിക്കും.



