ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയില്‍ ഭാരത് യാത്രികരുടെ താല്‍ക്കാലിക പട്ടികയില്‍ ഇടം പിടിച്ച് കനയ്യ കുമാര്‍, പവന്‍ ഖേര, മുന്‍ പഞ്ചാബ് മന്ത്രി വിജയ് ഇന്ദര്‍ സിംഗ്ല തുടങ്ങിയ നേതാക്കള്‍. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നീളുന്ന 3500 കിലോമീറ്റര്‍ യാത്രയില്‍ പങ്കെടുക്കാനുള്ളവരുടെ പട്ടികയിലാണ് ഇവര്‍ ഇടം നേടിയിരിക്കുന്നത്. സെപ്റ്റംബര്‍ 7-നാണ് കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ’ യാത്ര ആരംഭിക്കുന്നത്.

മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കേശവ് ചന്ദ്ര യാദവ്, ഉത്തരാഖണ്ഡ് കോണ്‍ഗ്രസിന്റെ കമ്മ്യൂണിക്കേഷന്‍ വിഭാഗം സെക്രട്ടറി വൈഭവ് വാലിയ എന്നിവര്‍ ഉള്‍പ്പടെ നിരവധി യുവ നേതാക്കള്‍ യാത്രയില്‍ പങ്കെടുക്കും. 117 നേതാക്കളെ ഭാരത് യാത്രികരില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് താല്‍ക്കാലിക പട്ടിക കോണ്‍ഗ്രസ് തയ്യാറാക്കിയിട്ടുണ്ട്. ഭാരത് യാത്രികരുടെ ആശയം വ്യക്തമാക്കിയ യാത്രാ സംഘാടക സമിതി ചെയര്‍മാന്‍ ദിഗ്വിജയ സിംഗ്, ഇവര്‍ യാത്രയില്‍ ഉടനീളം പങ്കെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയിലെ നിരവധി സ്ത്രീ പ്രവര്‍ത്തകരും നേതാക്കളും ഭാരത് യാത്രികരായിരിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സെപ്റ്റംബര്‍ 7-ന് വൈകുന്നേരം തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. വരാനിരിക്കുന്ന ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പ്രചാരണത്തിനായി ഇടവേള എടുക്കുമെങ്കിലും യാത്രയില്‍ രാഹുല്‍ ബാക്കി സമയങ്ങളിലെല്ലാം യാത്രയോടൊപ്പമുണ്ടാകുമെന്ന് നേതാക്കള്‍ പറഞ്ഞു.