ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ട്രാന്‍സ്ജെന്‍ഡറെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. ഖജ്റാന സ്വദേശി നൂര്‍ മുഹമ്മദിനെയാണ് ഇന്‍ഡോര്‍ സോണ്‍2 ഡെപ്യൂട്ടി കമ്മീഷണര്‍ സമ്പത്ത് ഉപാധ്യായുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ട്രാന്‍സ്ജെന്‍ഡറായ സോയ എന്ന മൊഹ്സിനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ട്രാന്‍സ്ജെന്‍ഡറിന്റെ മൃതദേഹത്തിന്റെ ഒരു ഭാഗം പ്രതിയുടെ വീട്ടില്‍നിന്നും കണ്ടെടുത്തതായി ഇന്റോര്‍ പൊലീസ് അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മൃതദേഹത്തിന്റെ ഒരു ഭാഗം ഇന്റോറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വിശദമായ അന്വേഷണത്തില്‍ മൃതദേഹം ട്രാന്‍സ്ജെന്‍ഡറായ സോയയുടേതാണെന്ന് കണ്ടെത്തുകയായിരുന്നു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കൊലപാതകിയെ തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത ഇയാള്‍ പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.

സാമൂഹികമാധ്യമങ്ങളിലൂടെയാണ് നൂര്‍ മുഹമ്മദ് സോയയെ പരിജയപ്പെടുന്നത്. എന്നാല്‍ സോയ ഒരു ട്രാന്‍സ്ജെന്‍ഡറാണെന്ന് ഇയാള്‍ അറിഞ്ഞിരുന്നില്ല. പിന്നീട് ഭാര്യയില്ലാത്ത സമയത്ത് ഇയാള്‍ സോയയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് ഇയാള്‍ യാഥാര്‍ത്ഥ്യം മനസിലാക്കുന്നത്. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ നൂര്‍ മുഹമ്മദ് സോയയെ കൊലപ്പെടുത്തുകയായിരുന്നു.

കൊലയ്ക്ക് ശേഷം മൃതദേഹം രണ്ടായി വെട്ടിമുറിച്ച് ഒരുഭാഗം ചാക്കിലാക്കി ബൈപ്പാസ് റോഡിലെ കുറ്റിക്കാടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹത്തിന്റെ മറ്റൊരു ഭാഗം പ്രതിയുടെ താമസസ്ഥലത്തുനിന്നും പെട്ടിയിലാക്കി ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.