ഇന്ത്യന്‍ വംശജരായ യുവാക്കള്‍ വംശീയമുറവിളിയുമായി തെരുവില്‍ ഏറ്റുമുട്ടുന്ന വീഡിയോ വൈറലായി. ‘എന്‍ബിസി’ ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. തേജീന്ദര്‍ സിംഗ്, കൃഷ്ണന്‍ ജയരാമന്‍ എന്നിവരാണ് നടുറോഡില്‍ ഏറ്റുമുട്ടിയത്. കാലിഫോര്‍ണിയയിലാണ് സംഭവം. ഓഗസ്റ്റ് 21ന് കാലിഫോര്‍ണിയയിലെ ഫ്രീമോണ്ടിലെ ഗ്രിമ്മര്‍ ബൊളിവാര്‍ഡിലെ ടാക്കോബെല്ലില്‍ 37കാരനായ തേജീന്ദര്‍ സിംഗ്, കൃഷ്ണന്‍ ജയരാമനെ അധിക്ഷേപിച്ചതായി എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ‘വൃത്തികെട്ട ഹിന്ദു, വെറുപ്പുളവാക്കുന്ന നായ’ എന്നിങ്ങനെ കൃഷ്ണനെ തേജീന്ദര്‍ വിളിച്ചു എന്നാണ് പരാതി. തന്നെ വംശീയമായി അധിക്ഷേപിച്ചതും ഒരു ഇന്ത്യക്കാരന്‍ ആണെന്ന് അറിഞ്ഞതില്‍ അങ്ങേയറ്റം സങ്കടകരമാണെന്ന് കൃഷ്ണന്‍ ജയരാമന്‍ പറഞ്ഞു. അടുത്തിടെ ഇന്ത്യന്‍ യുവതികളെ വംശീയമായി അധിക്ഷേപിക്കുന്ന വിദേശവനിതയുടെ വീഡിയോ വൈറലായിരുന്നു.

യൂണിയന്‍ സിറ്റിയിലെ തേജീന്ദര്‍ സിങിനെതിരേ പൗരാവകാശ ലംഘനം, ആക്രമണം, നിന്ദ്യമായ ഭാഷയില്‍ സമാധാനം തകര്‍ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് കേസെടുത്തതായി ഫ്രീമോണ്ട് പോലീസ് അറിയിച്ചു. കുറ്റപത്ര രേഖകളില്‍ തേജീന്ദര്‍ സിംഗ് ‘ഏഷ്യന്‍/ഇന്ത്യന്‍’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

തേജീന്ദറിന്റെ അസഭ്യവര്‍ഷം കൃഷ്ണന്‍ ഫോണില്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. എട്ട് മിനിട്ടിലധികമുള്ള സംഭാഷണം വളരെ ഭീതി ഉണര്‍ത്തുന്നതാണ്. ‘നീ വെറുപ്പുളവാക്കുന്നു. നായ. നീ മോശമായി കാണപ്പെടുന്നു. ഇനി ഇത്തരത്തില്‍ പരസ്യമായി വരരുത്. വൃത്തികെട്ട ഹിന്ദു’ എന്നിങ്ങനെ തേജീന്ദര്‍ ആക്രോശിക്കുന്നത് വീഡിയോയില്‍ കാണാം. കൃഷ്ണന്‍ ജയരാമന് നേരേ രണ്ട് തവണ തുപ്പുന്നതായും വീഡിയോയിലുണ്ട്. സംഭവത്തില്‍ താന്‍ ഭയന്നുപോയെന്നും കുറ്റവാളിയും ഇന്ത്യക്കാരനാണെന്ന് പിന്നീട് അറിഞ്ഞപ്പോള്‍ കൂടുതല്‍ അസ്വസ്ഥനായെന്നും കൃഷ്ണന്‍ ജയരാമന്‍ പറഞ്ഞു.