ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതി കെ.സുധാകരനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ.പി ജയരാജനെ വധിക്കാന്‍ തൈക്കാട് ഗസ്റ്റ്ഹൗസില്‍ ഗൂഡാലോചന നടത്തിയെന്ന കേസിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സുധാകരന്‍ ഗൂഡാലോചയില്‍ പങ്കാളിയാണെന്ന് അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

വിമാനത്തിനുള്ളിലെ ആക്രമണ ശ്രമത്തിലെ ഗുഢാലോചനക്ക് പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഗൂഢാലോചന കേസില്‍ ശബരിനാഥനെ അറസ്റ്റ് ചെയ്തിട്ടുണ്ട് സുരക്ഷ ഉദ്യോഗസ്ഥന്റെ പരാതിയില്‍ വലിയതുറ പൊലിസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട് നിയമ വിരുദ്ധ കാര്യങ്ങള്‍ കാസര്‍ഗോഡിന്റെ ചില ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. അതിനെ ചെറുക്കാന്‍ പൊലീസ് ജാഗ്രതയോടെ ചില മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു

സര്‍വ്വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടികുറക്കുന്ന ബില്‍ ഇന്ന് നിയമസഭ പാസാക്കും. വി സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ രണ്ട് സര്‍ക്കാര്‍ പ്രതിനിധികളെ കൂടി ചേര്‍ത്ത് ഗവര്‍ണറുടെ നിയമന അധികാരം ഇല്ലാതാക്കുക ആണ് ലക്ഷ്യം. വഖഫ് നിയമനങ്ങള്‍ പി എസ് സിക്ക് വിടാന്‍ ഉള്ള തീരുമാനം റദ്ദാക്കാനുള്ള ബില്ലും ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും.