മന്ത്രിസഭാ പുനഃസംഘടന സിപിഐ ആഗ്രഹിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഒരുവര്‍ഷമായ സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്നും ഇന്ത്യന്‍ സാഹചര്യത്തില്‍ സിപിഐയും സിപിഎമ്മും ഒന്നിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

സിപിഐ ജില്ലാ സമ്മേളനങ്ങളില്‍ തനിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നുവെന്നും, പല ജില്ലകളിലും ഭാരവാഹി തിരഞ്ഞെടുപ്പില്‍ കാനം പക്ഷത്തിന് തിരിച്ചടി കിട്ടിയെന്നുമുള്ള റിപ്പോര്‍ട്ടുകളിലും കാനം തന്നെ പ്രതികരിച്ചു. പാര്‍ട്ടിക്കുള്ളില്‍ വ്യത്യസ്ത പക്ഷങ്ങള്‍ ഉണ്ടെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു. സി പി ഐയില്‍ രണ്ടു ചേരിയില്ല. ഉള്‍പാര്‍ട്ടി അഭിപ്രായ പ്രകടനം മാത്രമാണ് നടക്കുന്നത്.

കാനം പക്ഷമോ മറ്റേതെങ്കിലും പക്ഷമോ ഈ പാര്‍ട്ടിയില്‍ ഇല്ല. ഏതോ ബുദ്ധി കേന്ദ്രങ്ങളില്‍ നിന്ന് വാര്‍ത്ത പ്രചരിപ്പിക്കുന്നു. പാര്‍ട്ടിയെ തകര്‍ക്കാനായി മലര്‍ന്ന് കിടന്ന് തുപ്പുകയാണ് അവര്‍ ചെയ്യുന്നത്. ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയാണ് താനെന്ന് ഓര്‍ക്കണമെന്നും കാനം പറഞ്ഞു.

ഇടത് മുന്നണിക്കകത്ത് നേട്ടങ്ങളും കോട്ടങ്ങളും ഒരുമിച്ച് ഏറ്റെടുക്കണം. പരസ്പരം കലഹിക്കുന്ന പാര്‍ട്ടിയായി മുന്നണിക്കുള്ളില്‍ മാറുന്നത് ശരിയല്ല. ദുര്‍ബലന്റെ ശബ്ദത്തിന് സമൂഹത്തില്‍ വില ഇല്ല എന്ന് ഓര്‍ക്കണം. എല്‍ ഡി എഫ് ശക്തിപ്പെടുത്തുന്ന തോടൊപ്പം സ്വയം ശക്തമാകാന്‍ പാര്‍ട്ടിക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.