കോട്ടയം: പ്രശസ്ത സാമൂഹിക പ്രവർത്തകയും വിദ്യാഭ്യാസ വിദഗ്ധയുമായ മേരി റോയ് (89) അന്തരിച്ചു. പരേതനായ രാജീബ് റോയ് ആണ് ഭർത്താവ്. പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്.

കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്കൂളിന്റെ സ്ഥാപകയായ മേരി റോയി. 1967 ൽ കോട്ടയത്തു സ്ഥാപിച്ച കോർപസ് ക്രിസ്റ്റി എന്ന സ്കൂളാണ് പിന്നീട് പള്ളിക്കൂടം എന്നറിയപ്പെട്ടത്. ക്രിസ്‌ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്ക് വഴിയൊരുക്കിയത് മേരി റോയിയുടെ നിയമപോരാട്ടമാണ്.

കൽക്കത്തയിൽ ഒരു കമ്പനിയിൽ സെക്രട്ടറിയായി ജോലി ചെയ്യവേയാണ് ബംഗാളിയായ രാജീബ് റോയിയെ മേരി റോയി പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും വിവാഹിതരായി. എന്നാൽ രാജീബ് റോയിയുമായി വേർപിരിഞ്ഞ മേരി റോയി കുട്ടികളുമായി പിതാവിന്റെ ഊട്ടിയിലുള്ള വീട്ടിൽ താമസമാക്കി. ആ വീടിനെച്ചൊല്ലിയുള്ള തർക്കങ്ങളാണ് കോടതിയിലെത്തിയത്.

1916 ലെ തിരുവിതാംകൂർ ക്രിസ്തീയ പിന്തുടർച്ചാ അവകാശ നിയമം അസാധുവാണെന്നും വിൽപത്രമെഴുതാതെ മരിക്കുന്ന പിതാവിന്റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ അവകാശമാണെന്നുമുള്ള സുപ്രധാന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത് മേരി റോയിയുടെ നിയമപോരാട്ടത്തിനൊടുവിലാണ്. കേസിലൂടെ അവകാശം നേടിയെടുത്ത വീട് മേരി റോയ് പിന്നീട് സഹോദരനുതന്നെ തിരിച്ചുനൽകിയിരുന്നു.