മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രഫസര്‍ നിയമനത്തിനെതിരായുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ പുതിയ ആരോപണങ്ങളുമായി സേവ് യൂണിവേഴ്സിറ്റി കാന്പയിന് കമ്മിറ്റി രംഗത്ത്.
പ്രിയ വര്‍ഗീസിനെ സര്‍വകലാശാല സ്റ്റുഡന്റ്സ് സര്‍വീസ് ഡയറക്ടറായി 2019 മുതല്‍ രണ്ടു വര്‍ഷം ഡപ്യൂട്ടേഷനില്‍ നിയമിച്ചത് ചട്ടവിരുദ്ധമായാണെന്നതിന്റെ തെളിവുകള്‍ സംഘടന പുറത്തുവിട്ടു. ആ നിയമനം കൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ഗവർണർക്കു നിവേദനവും നൽകി.
അനധ്യാപക ജീവനക്കാരുടെ സേവന വ്യവസ്ഥകൾ വ്യക്തമാക്കുന്ന യൂണിവേഴ്സിറ്റി ഓർഡിനൻസ് പ്രകാരം സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടർ നിയമനത്തിന് 6 വർഷത്തെ അധ്യാപന പരിചയവും ഭരണ പരിചയവും വേണം. സർക്കാരിന്റെ എല്ലാ ശമ്പള പരിഷ്കരണ ഉത്തരവുകളിലും ഈ തസ്തിക അനധ്യാപക വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.



