കൊച്ചിയില്‍ ഇന്ന് രാവിലെ പെയ്ത കനത്ത മഴിയില്‍ താറുമായ കേരളത്തിലെ റെയില്‍വേഗതാഗതം ഇതുവരെ പൂര്‍ണ്ണമായും പുനസ്ഥാപിച്ചിട്ടില്ല. ഉച്ചയ്ക്ക് കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ജനശതാബ്ദി എക്‌സ്പ്രസ്സ് രാത്രി 8.30 നും കൊച്ചിയില്‍ കിടക്കുകയാണ്. ആലുവയില്‍ എത്തിയപ്പോഴാണ് വണ്ട്ി ആദ്യം പിടിച്ചിട്ടത്. ഷെഡ്യൂള്‍ പ്രകാരം രാത്രി 8.20-ന് വര്‍ക്കലയില്‍ എത്തേണ്ട ജനശതാബ്ദി നിലവില്‍ ഇടപ്പള്ളിയില്‍ മൂന്ന് മണിക്കൂര്‍ വൈകി നില്‍ക്കുകയാണ്.

എറണാകുളം വഴി കടന്നു പോകേണ്ട മറ്റു പല ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയോടുകയാണ്. എറണാകുളം ഡി ക്യാബിന്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ട്രാക്കില്‍ നിന്നും വെള്ളമൊഴിഞ്ഞെങ്കിലും ഓട്ടോമാറ്റിക് സിഗ്‌നലിംഗ് സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നില്ലെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നത്. ട്രെയിനുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പരിശോധന മാനുവല്‍ രീതിയില്‍ നടത്തേണ്ടത് സമയക്രമത്തെ ബാധിക്കുന്നുവെന്നും റെയില്‍വേ അറിയിക്കുന്നു.

നിലവില്‍ തിരുവനന്തപുരം – നിസ്സാമുദ്ദീന്‍ രണ്ട് മണിക്കൂറും, മംഗളൂരു – നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്സ് മൂന്ന് മണിക്കൂറും, ജാം നഗര്‍ ഹംസഫര്‍ എക്‌സ്പ്രസ്സ് രണ്ട് മണിക്കൂറും വൈകിയോടുകയാണ്.ഇന്ന് രാത്രിയില്‍ മഴ പൂര്‍ണ്ണമായി മാറിയില്ലെങ്കില്‍ നാളെയും ട്രെയിനുകള്‍ വൈകിയോടുന്നത് തുടരാനാണ് സാധ്യത.