ന്യൂഡൽഹി: സി.എ.എ, എൻ.ആർ.സി പ്രതിഷേധങ്ങളുടെ കാലയളവിൽ പ്രകോപനപരമായ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയിട്ടില്ലെന്ന് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും. തങ്ങൾക്കെതിരെ വിദേഷ്വ പ്രസംഗത്തിന് കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളണമെന്നും ഇരുവരും ഡൽഹി ഹൈക്കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
2020 ഫെബ്രുവരിയിൽ വടക്ക് കിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിന് കാരണമായത് ചില നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗം ആണെന്നും അവർക്കെതിരേ കേസ് എടുക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് ലോയേർസ് വോയിസ് എന്ന സംഘടനയാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മനീഷ് സിസോദിയ, അമാനത്തുള്ള ഖാൻ, ഹർഷ് മന്ദർ തുടങ്ങിയർവർക്ക് എതിരെ വിദ്വേഷ പ്രസംഗത്തിന് കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
എന്നാൽ തങ്ങളുടെ പ്രസംഗം മതത്തിന്റെയോ വർഗ്ഗത്തിന്റെയോ ഭാഷയുടേതോ ദേശത്തിന്റെയോ പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കാൻ വേണ്ടി ആയിരുന്നില്ലെന്ന് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഡൽഹി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ഹർജിക്കാരൻ തങ്ങളെ പ്രത്യേകമായി ലക്ഷ്യം വയ്ക്കുകയാണ്. ഭരണകക്ഷിയിൽപെട്ട നേതാക്കൾ വിദ്വേഷ പ്രസംഗം നടത്തിയിട്ടും അവർക്കെതിരേ കേസ് എടുക്കണമെന്ന് ഹർജിക്കാരൻ ആവശ്യപെടുന്നില്ലെന്നും ഇരുവരും ചൂണ്ടിക്കാട്ടി. സത്യവാങ്മൂലം സെപ്റ്റംബർ അവസാന വാരം ഡൽഹി ഹൈക്കോടതി പരിഗണിക്കും.



