തൊടുപുഴ: കുടയത്തൂർ ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ജന്മാട് വിടചൊല്ലി. നാടിൻ്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ളവർ കോരിച്ചൊരിഞ്ഞ മഴയെ അവഗണിച്ച് അന്ത്യമോപചാരമർപ്പിക്കാൻ എത്തി. വൈകിട്ട് അഞ്ചരയോ തൊടുപുഴ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു.

കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് മണ്ണിനടിയിലായ അഞ്ച് പേരുടേയും മൃതദേഹങ്ങള്‍ ഉച്ചയ്ക്കു മുൻപേ കണ്ടെത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീടാണ് മണ്ണിനടിയിലായത്.

സോമന്‍ മാതാവ് തങ്കമ്മ, മകള്‍ ഷിമ, കൊച്ചുമകന്‍ ദേവാനന്ദ്, ഭാര്യ ഷിജി എന്നിവരാണ് മരിച്ചത്. പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അഞ്ച് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മൃതദേഹങ്ങൾ ഇൻക്വസ്റ്റ് പൂർത്തിയാക്കി തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഉച്ചയോടെ  പോസ്റ്റ് മോർട്ടം പൂർത്തിയാക്കി. തുടർന്ന് മന്ത്രിമാരായ കെ രാജനും റോഷി അഗസ്റ്റിനും, എം പി ഡീൻ കുര്യാക്കോസും ചേർന്ന് ഏറ്റുവാങ്ങി കുടയത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പൊതുദർശനത്തിനെത്തിച്ചു.

തങ്കമ്മയുടെ മൃതദേഹമായിരുന്നു തിരച്ചിലിനിടെ ആദ്യം കണ്ടെത്തിയത്. പിന്നാലെ ദേവാനന്ദിന്റേയും. ഷിമയുടെ മൃതദേഹം കണ്ടെത്താന്‍ വൈകിയിരുന്നു. ഡോഗ് സ്കാഡിന്റെ പരിശോധനയിലാണ് സോമന്‍റേയും ഭാര്യ ഷിജിയുടേയും മൃതദേഹം കണ്ടെത്തിയത്.