കൊച്ചി: കോവിഡ് മഹാമാരി വ്യോമയാന മേഖലയില്‍ സൃഷ്ടിച്ച ആഘാതത്തില്‍നിന്നു കൊച്ചി വിമാനത്താള ലിമിറ്റഡ് (സിയാല്‍) ശക്തമായ തിരിച്ചുവരവിന്റെ പാതയില്‍. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ സിയാല്‍ 37.68 കോടി രൂപ (നികുതിക്ക് മുമ്പുള്ള) ലാഭം നേടി. 418.69 കോടി രൂപയാണ് മൊത്തവരുമാനം.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ 87.21 കോടി രൂപ നഷ്ടമുണ്ടാക്കിയ സാഹചര്യത്തില്‍നിന്നുമാണ് കമ്പനിയുടെ തിരിച്ചുവരവ്. 252.71 കോടി രൂപയായിരുന്നു 2020-21 ലെ മൊത്തവരുമാനം. പ്രതിവര്‍ഷം ഒരു കോടിയോളം യാത്രക്കാരെ കൈകാര്യം ചെയ്തിരുന്ന സിയാലിന് കോവിഡ് കാലഘട്ടത്തില്‍ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ കുറവു നേരിട്ടിരുന്നു.
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ കോവിഡ് ഭീഷണി ഒഴിഞ്ഞതിനൊപ്പം കണക്റ്റിവിറ്റി വര്‍ധിപ്പിക്കാന്‍ കമ്പനി നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ ലക്ഷ്യം കണ്ടു. യാത്രക്കാരുടെ എണ്ണം 24.7 ലക്ഷത്തില്‍നിന്നു 47.59 ലക്ഷത്തിലേക്ക് ഉയര്‍ന്നു. 217.34 കോടി രൂപയാണു പ്രവര്‍ത്തന ലാഭം.
നികുതിക്കു മുമ്പുള്ള ലാഭം 37.68 കോടി രൂപയും നികുതി കിഴിച്ചുള്ള ലാഭം 26.13 കോടി രൂപയുമാണ്. സിയാലിന് നൂറുശതമാനം ഓഹരിയുള്ള സിയാല്‍ ഡ്യൂട്ടി ഫ്രീ ആന്‍ഡ് റീടെയില്‍ സര്‍വീസസ് ലിമിറ്റഡിന്റെ (സി.ഡി .ആര്‍ .എസ്.എല്‍) വരുമാനം 52.32 കോടി രൂപയില്‍ നിന്നും 150.59 കോടി രൂപയിലേക്കു വര്‍ധിച്ചിട്ടുണ്ട്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 675 കോടി രൂപയുടെ മൊത്തവരുമാനമാണ് സിയാല്‍ പ്രതീക്ഷിക്കുന്നത്.



