കേരള കോൺഗ്രസ്സ് എം മുന്നോട്ടു വച്ച ആവശ്യങ്ങൾ ഉൾപ്പെടെ നടപ്പാക്കാൻ ബഹു മുഖ്യമന്തി പിണറായി വിജയൻറെ നേതൃത്വത്തിൽ ഇന്നു ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.. ബഫര്‍സോണ്‍ മേഖലകളിലെ കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, ഇതര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഭൂവിനിയോഗം എന്നിവ സംബന്ധിച്ച് വിവരശേഖരണത്തിന് ഉപഗ്രഹസര്‍വ്വേയ്ക്കു പുറമേ നേരിട്ടുള്ള പരിശോധന കൂടി നടത്താന്‍ ആണ് തീരുമാനം.
ഡ്രോൺ ഉപയോഗിച്ചുള്ള സാങ്കേതികവിദ്യാ സംവിധാനം വഴിയുള്ള കണക്കെടുപ്പിലെ വിശദാംശങ്ങള്‍ നേരിട്ടുള്ള പരിശോധന വഴി ഉറപ്പിക്കും. ഇക്കാര്യങ്ങള്‍ പഠിച്ച് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമതി രൂപീകരിക്കും. സമിതി ഒരു മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും മൂന്നു മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കാനും തീരുമാനിച്ചു.
തദ്ദേശ സ്വയംഭരണം, റവന്യൂ, കൃഷി, വനം എന്നീ വകുപ്പുകള്‍ വകുപ്പുതലത്തില്‍ ലഭ്യമാക്കിയ വിവരങ്ങള്‍ ചീഫ് സെക്രട്ടറി ക്രോഡീകരിക്കും. ഉപഗ്രഹ സംവിധാനം വഴി തയ്യാറാക്കിയ ഡാറ്റയും വകുപ്പുതല ഡാറ്റയും വിദഗ്ധ സമിതി പരിശോധിക്കും. 115 വില്ലേജുകളിലാണ് ബഫര്‍സോണ്‍ വരുന്നത്. ഇവയുടെ യഥാര്‍ത്ഥ വിവരം കൃത്യമായി രേഖപ്പെടുത്താനാണ് വിദഗ്ധസമിതി രൂപീകരിച്ചത്.
സുപ്രീം കോടതി ആവശ്യപ്പെട്ടത് പ്രകാരം സാങ്കേതികവിദ്യാ സഹായത്തോടെ ഉപഗ്രഹ സംവിധാനം വഴി ബഫര്‍സോണിലുള്ള കെട്ടിടങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും മറ്റും കണക്കെടുപ്പ് സംസ്ഥാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
പുനഃപരിശോധനാ ഹര്‍ജി സംസ്ഥാനം ഫയല്‍ ചെയ്തിട്ടുണ്ട്. തുറന്ന കോടതിയില്‍ വേഗത്തില്‍ വാദം കേള്‍ക്കണം എന്ന ആവശ്യം സംസ്ഥാനം ഉന്നയിക്കും. ഇടുക്കിയിൽ ആയിരുന്നതിനാൽ ഓൺലൈൻവഴി ആണ് മന്ത്രി യോഗത്തിൽ പങ്കെടുത്തത്.



