മുംബൈ: ആരെയും ഉപയോഗിച്ചശേഷം വലിച്ചെറിഞ്ഞ് രസിക്കരുതെന്നും നല്ലകാലത്തും ചീത്തക്കാലത്തും അവരോടൊപ്പമുണ്ടാവണമെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. പരാജയപ്പെടുമ്പോഴല്ല, പരിശ്രമം ഉപേക്ഷിക്കുമ്പോഴാണ് മനുഷ്യൻ യഥാർഥത്തിൽ തോൽക്കുന്നതെന്നും അമേരിക്കയുടെ മുൻ പ്രസിഡന്റ് റിച്ചാർഡ് നിക്സണിന്റെ വാക്കുകൾ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. നാഗ്പുരിൽ സംരംഭകരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരാളുടെ കൈപിടിച്ചാൽ നല്ലകാലമായാലും ചീത്തക്കാലമായാലും എപ്പോഴും മുറുകെപ്പിടിക്കുക. ബിസിനസിലോ സാമൂഹികപ്രവർത്തനത്തിലോ രാഷ്ട്രീയത്തിലോ ഏർപ്പെട്ട ഏതൊരാൾക്കും മനുഷ്യബന്ധങ്ങളാണ് ഏറ്റവും വലിയ ശക്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഷ്ട്രീയത്തിലെ ആദ്യകാലത്തെക്കുറിച്ച് സംസാരിച്ച ഗഡ്കരി വിദ്യാർഥിനേതാവായിരുന്നപ്പോൾ കോൺഗ്രസ് നേതാവ് ശ്രീകാന്ത് ജിച്ച്കർ നല്ലഭാവിക്കായി കോൺഗ്രസിൽ ചേരാൻ ആവശ്യപ്പെട്ടെന്നും പറഞ്ഞു. കിണറ്റിൽച്ചാടി മരിച്ചാലും കോൺഗ്രസിൽ ചേരില്ല. കാരണം കോൺഗ്രസ് പാർട്ടിയുടെ ആശയങ്ങളോട് യോജിപ്പില്ലെന്ന് മറുപടിനൽകിയതായും ഗഡ്കരി പറഞ്ഞു. ബി.ജെ.പി. പാർലമെന്ററി ബോർഡിൽനിന്ന് നിതിൻ ഗഡ്കരിയെ ഏതാനുംദിവസംമുമ്പ് ഒഴിവാക്കിയിരുന്നു. ഇതിനുപിന്നാലെ സർക്കാർ ശരിയായസമയത്ത് തീരുമാനങ്ങളെടുക്കാത്തതാണ് പലപ്പോഴും പ്രശ്നങ്ങൾക്ക് കാരണമെന്ന പരാമർശവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു.



