ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ടിന്റെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗോവ സര്‍ക്കാറിന് കത്ത് അയക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍. കേസ് രജിസ്റ്റര്‍ ചെയ്തത് ഗോവയില്‍ ആയതിനാലാണ് ഈ നടപടി. സോനാലിയുടെ കുടുംബവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഖട്ടറിന്റെ പ്രതികരണം.

സൊണാലി ഫോഗട്ടിന്റെ മരണത്തിന് മുമ്പ് റെസ്റ്റോറന്റില്‍ നിന്ന് സഹായികള്‍ അവര്‍ക്ക് നല്‍കിയത് മാരക ലഹരിമരുന്നായ ‘മെതാംഫെറ്റമീന്‍’ ആണെന്ന് ഗോവ പൊലീസ്. ശനിയാഴ്ച വൈകുന്നേരം ഇറക്കിയ പ്രസ്താവനയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആദ്യ ഉപയോഗത്തില്‍ തന്നെ അടിമയാക്കാന്‍ ശേഷിയുള്ള ഉണര്‍ത്തു മരുന്ന് എന്നാണ് ഇതിനെ വിദഗ്ധര്‍ പറയുന്നത്.

12 മണിക്കൂര്‍ വരെ നീണ്ട ഉണര്‍വു നല്‍കുന്ന’മെതാംഫെറ്റമീന്‍’ ലൈംഗികാസക്തി ഉയര്‍ത്താന്‍ സ്ത്രീകള്‍ ഉപയോഗിക്കാറുണ്ട്. പുരുഷന്‍മാരും ഉദ്ധാരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്. ശരീര താപനില ഉയര്‍ത്തുകയും, രക്തസമ്മര്‍ദം ഉയര്‍ത്തുകയും ചെയ്യുന്ന മെതാംഫെറ്റമീന്‍ ഉപയോഗം ഹൃദയാഘാതം മുതല്‍ സ്‌ട്രോക്കിനു വരെ കാരണമായേക്കാവുന്നതാണ്.

സൊണാലി ഫൊഗട്ടിനെ റസ്റ്ററന്റിലെ പാര്‍ട്ടിക്കിടെ നിര്‍ബന്ധിച്ച് ‘ഒരു പാനീയം’ കുടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പാര്‍ട്ടിക്കിടെ സൊണാലി കുടിച്ച പാനീയത്തില്‍ സഹായികള്‍ സംശയകരമായ രീതിയില്‍ എന്തോ പൊടി കലര്‍ത്തിയിരുന്നെന്നു പൊലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.