കൊച്ചി: എം.ജി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ നിയമനം ഹൈക്കോടതി റദ്ദാക്കി. പ്രശസ്ത ദളിത് സ്ത്രീ ചിന്തക രേഖാ രാജിന്റെ അധ്യാപക നിയമനമാണ് കോടതി റദ്ദാക്കിയത്. രേഖയ്ക്ക് പകരം റാങ്ക് പട്ടികയിൽ രണ്ടാമതെത്തിയ നിഷ വേലപ്പൻ നായരെ നിയമിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
2019ലാണ് എം.ജി സർവകലാശാലയിൽ അസി. പ്രൊഫസറായി രേഖാ രാജിന്റെ നിയമനം നടക്കുന്നത്. റാങ്ക് പട്ടികയിൽ രണ്ടാമെത്തിയ നിഷ വേലപ്പൻ നായർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. മാർക്ക് സംബന്ധമായി ചില വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിഷ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇക്കാര്യം വിശദമായി പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്.



