കുന്നംകുളം: കിഴൂരില്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകള്‍ ചോഴിയാട്ടില്‍ വീട്ടില്‍ ഇന്ദുലേഖ (39) യെ റിമാന്‍ഡ് ചെയ്തു. സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ സ്വത്ത് തട്ടിയെടുക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ചായയില്‍ എലിവിഷം കലര്‍ത്തി നല്‍കിയതാണ് രുക്മിണിയുടെ പെട്ടെന്നുള്ള മരണത്തിന് കാരണമെന്നും പോലീസ് പറഞ്ഞു.

കിഴൂര്‍ കാക്കത്തിരുത്ത് റോഡില്‍ ചോഴിയാട്ടില്‍ ചന്ദ്രന്റെ ഭാര്യ രുക്മിണി (58) യാണ് കഴിഞ്ഞദിവസം തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കിഴൂരില്‍ 13.5 സെന്റ് സ്ഥലവും വീടുമാണ് ഇവര്‍ക്കുണ്ടായിരുന്നത്. മാതാപിതാക്കളുടെ കാലശേഷം ഇത് ഇന്ദുലേഖയ്ക്ക് എഴുതിവെച്ചിരുന്നു. മകള്‍ക്ക് എട്ട് ലക്ഷം രൂപയുടെ കടമുണ്ടായിരുന്നു. വീട്ടിലെ ആവശ്യങ്ങള്‍ക്ക് വേണ്ടി സ്വര്‍ണാഭരണങ്ങള്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ പണയം വെച്ചാണ് ഇത്രയും ബാധ്യതയുണ്ടായതെന്നാണ് ഇന്ദുലേഖ പോലീസിനോട് പറഞ്ഞത്.

വിദേശത്തുള്ള ഭര്‍ത്താവിന് ബാധ്യതകള്‍ അറിയാമായിരുന്നില്ല. കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് ഭര്‍ത്താവ് നാട്ടിലെത്തിയിരുന്നു. ഇതോടെ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചെടുക്കേണ്ടിയിരുന്നു. സ്ഥലം പണയം വെച്ച് തുക കണ്ടെത്തുന്നതിന് രുക്മിണി സമ്മതിച്ചില്ല. ഒരു മാസമായി പനിയുടെ ഗുളികകള്‍ ഭക്ഷണത്തില്‍ കലര്‍ത്തി അമ്മയ്ക്കും അച്ഛനും ഇന്ദുലേഖ നല്‍കിയിരുന്നു. കറിയില്‍ ചേര്‍ത്താണ് ഇവ നല്‍കിയിരുന്നത്. കരള്‍രോഗ ബാധിതരാക്കി ആര്‍ക്കും സംശയമില്ലാത്ത രീതിയില്‍ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

ഭര്‍ത്താവിനെ വിമാനത്താവളത്തില്‍നിന്ന് കൊണ്ടുവന്നതിന് ശേഷമാണ് അമ്മയ്ക്ക് ചായയില്‍ എലിവിഷം കലര്‍ത്തി നല്‍കിയത്. ആസ്ത്മയുടെ അസ്വസ്ഥതകളുള്ളതിനാല്‍ രുക്മിണിക്ക് രുചിവ്യത്യാസം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവിനും അച്ഛനും ചായയില്‍ സോപ്പുലായനി കലര്‍ത്തി നല്‍കിയതായും മൊഴി നല്‍കിയിട്ടുണ്ട്. കൃത്രിമമായി ഭക്ഷ്യവിഷബാധയുണ്ടാക്കാനായിരുന്നു ശ്രമം. ഒരു മാസം മുമ്പ് അച്ഛനെ ഇതേ രീതിയില്‍ കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.

തൃശ്ശൂരിലെ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ഡോക്ടര്‍ക്കുണ്ടായ സംശയമാണ് കൊലപാതക സൂചന നല്‍കിയത്. ആശുപത്രിയില്‍ മഞ്ഞപ്പിത്തമെന്നും ഭക്ഷ്യവിഷബാധയെന്നും രണ്ട് കാരണങ്ങള്‍ ഇന്ദുലേഖ പറഞ്ഞിരുന്നു. രുക്മിണിയുടെ മരണത്തിന് ശേഷമാണ് പോലീസിന് വിവരം ലഭിക്കുന്നത്. അന്വേഷണത്തിന്റെ തുടക്കം മുതലേ പൊരുത്തക്കേടുകളുണ്ടായിരുന്നു. ഇന്ദുലേഖയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതോടെയാണ് വിഷത്തെക്കുറിച്ച് അന്വേഷിച്ചതിന്റെ തെളിവുകള്‍ ലഭിച്ചത്.

എ.സി.പി. ടി.എസ്. സിനോജ്, എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ദുലേഖയെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ വിഷത്തിന്റെ കുപ്പിയും മരുന്നുകളുടെ സ്ട്രിപ്പുകളും ലഭിച്ചു. ഫോറന്‍സിക് വിദഗ്ധരും വീട്ടില്‍ പരിശോധിച്ച് വിവരങ്ങള്‍ ശേഖരിച്ചു. മൊബൈല്‍ഫോണ്‍ വിശദമായ പരിശോധനയ്ക്ക് നല്‍കിയിട്ടുണ്ട്. അമ്മയ്ക്ക് ശേഷം അച്ഛനെ കൊലപ്പെടുത്തിയോ ശാരീരികമായി അവശനിലയിലാക്കിയോ സ്വത്ത് കൈവശപ്പെടുത്താനാണ് ലക്ഷ്യമാക്കിയിരുന്നതെന്നും പോലീസ് പറഞ്ഞു. പത്താം ക്ലാസ് വിദ്യാഭ്യാസമാണ് ഇന്ദുലേഖയ്ക്കുള്ളത്. വിദ്യാര്‍ഥികളായ രണ്ട് മക്കളുണ്ട്.